Latest News

നടന്‍ മുകേഷിനെ സിപിഐ പരിഗണിക്കുന്നു: തരൂരിന്റെ വിവാദവും തുണച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ നടന്‍ മുകേഷ് അടക്കമുള്ളവരെ സിപിഐ പരിഗണിക്കുന്നു. അതേസമയം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐ അംഗീകരിച്ചേക്കില്ല. മുകേഷ് മത്സരിക്കുകയാണെങ്കില്‍ സിപിഐ ചിഹ്നത്തിലാകും മത്സരിക്കുക.

സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സി ദിവാകരന്‍, വി.പി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് സി.പി.ഐ സ്വന്തം പാര്‍ട്ടിയില്‍ നിന്നു പരിഗണിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ ചലച്ചിത്ര താരം മുകേഷ്, മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍,സി ഗൗരിദാസന്‍ നായര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

ശശി തരൂരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെങ്കില്‍ വ്യാഴാഴ്ച ഉണ്ടായ ട്വിറ്റര്‍ വിവാദം മുതലാക്കി വിജയം നേടാമെന്ന കണക്കൂ കൂട്ടല്‍ എല്‍.ഡി.എഫിനുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. . ഇപ്പോള്‍ ഉയര്‍ന്ന വന്നിരിക്കുന്ന പേരുകള്‍ ശരിയല്ലെന്നാണ് എല്‍.ഡി.എഫ് നേതൃത്വം പറയുന്നത്. ഉചിതമായ സമയത്ത് പാര്‍്ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് അവര്‍ പറയുന്നത്.

സിപിഐ പശ്ചാത്തലമുള്ളതാണ് മുകേഷിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ പദവി മുകേഷിന് നല്‍കിയിരുന്നു. അച്ഛന്‍ ഒ. മാധവന്റെ കമ്മ്യുണിസ്റ്റ് പശ്ചാത്തലവും മുകേഷിന് അനുകൂല ഘടകമാണ്. സിനിമയിലുപരി സാംസ്കാരിക രംഗങ്ങളിലും സജീവമായ മുകേഷിന് തരൂരിന്റെ പ്രതിച്ഛായയെ അനായാസം മറികടക്കാമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്.

അതേസമയം സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങുന്നതിനും മുമ്പും മുന്നണി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പും നാലു സീറ്റുകളില്‍ മത്സരിക്കുമെന്ന് സി.പി.ഐ പ്രഖ്യാപിച്ചതില്‍ സി.പി.എം ഉള്‍പ്പടെ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം കടുത്ത അതൃപ്തി. സി.പി.ഐ നിലപാട് മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്ന കടുത്ത വിമര്‍ശനം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ തവണ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലാണ് സി.പി.ഐ മത്സരിച്ചത്. ഇവിടങ്ങളില്‍ ഇത്തവണയും സി.പി.ഐ തന്നെ മത്സരിക്കുമെന്നും ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്. ഇതാണ് എല്‍.ഡി.എഫിനുള്ളില്‍ അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്.

സി.പി.ഐ നിലപാടിനോടുള്ള വിയോജിപ്പ് പരസ്യമാക്കാനും ഇക്കാര്യം അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ അറിയിക്കാനുമാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ തവണ നല്‍കിയ സീറ്റുകളില്‍ നിന്ന് ഒന്ന് ഇത്തവണ ഏറ്റെടുക്കണമെന്ന നിലപാടിലാണ് സി.പി.എം. ജനതാദള്‍, ആര്‍.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ ഒരോ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മുമ്പിലുണ്ട്. ജനതാ ദളിന് കോഴിക്കോട്, വടകര സീറ്റുകളില്‍ ഒന്നു ലഭിക്കണമെന്നും ആര്‍.എസ്.പിയ്ക്ക് കൊല്ലം വേണമെന്ന നിലപാടിലാണ്.

കെ കൃഷ്ണന്‍കുട്ടി വിഭാഗം ജനതാദള്ളില്‍ ലയിക്കുന്നതോടെ ജനതാദളിന് ശക്തി വര്‍ധിക്കുമെന്ന് സി.പി.എമ്മും കരുതുന്നുണ്ട്. അതുകൊണ്ട് അവരേയും പിണക്കാതെ വേണം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍. അതിനാല്‍ മുന്നണി ബന്ധം ഉലയ്ക്കുന്ന തീരുമാനങ്ങള്‍ ഇത്തവണ വേണ്ടെന്നാണ് സി.പിഎം. കേന്ദ്ര നേതൃത്വത്തിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം.

സര്‍ക്കാരിനെതിരെയുള്ള ജനവികാരം പരമാവധി മുതലെടുത്ത് കൂടുതല്‍പേരെ വിജയിപ്പിച്ച് പാര്‍ലമെന്റിലേയ്ക്ക് അയക്കണമെന്ന നിലപാടിലായതിനാല്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കാതെ സീറ്റ് വിഭജനം തീര്‍ക്കാന്‍ സി.പി.എം തന്നെ മുന്‍കൈ എടുത്തേക്കും. അതിനാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒഴിവാക്കണമെന്നും ഏകപക്ഷീയ പ്രഖ്യാപനത്തിലെ അതൃപ്തിയും സി.പി.എം ഔദ്യോഗികമായി തന്നെ സി.പി.ഐ അറിയിക്കുമെന്ന് അറിയുന്നു. അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചയും ആരംഭിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mukesh, Politics

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.