Latest News

യുവതിയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്‍പതുകാരി അറസ്റ്റില്‍

കോട്ടയം: നഗരത്തില്‍ രാത്രിയില്‍ യുവതിയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്‍പതുകാരി അറസ്റ്റില്‍. കാട്ടാക്കട സ്വദേശി രാധയാണ് അറസ്റ്റിലായത്. 

നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടയാളാണ് രാധ. ഇവര്‍ ഒറ്റയ്ക്ക് ആസിഡ് കൊടുത്താണ് ളാഹ സ്വദേശി ശാലിനിയെ (35) കൊലപ്പെടുത്തിയതെന്ന് കേസന്വേഷത്തിന് നേതൃത്വം നല്കുന്ന വെസ്റ്റ് സിഐ എ.ജെ.തോമസ് പറഞ്ഞു.

ഏറെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് രാധയാണ് ശാലിനിയെ കൊലപ്പെടുത്തിയതെന്ന വിവരം ലഭിച്ചതെന്നും പോലീസ് പറയുന്നു. കെഎസ്ആര്‍ടിസി ഭാഗത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു ശാലിനിയും രാധയും. ഈ രംഗത്തെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വയസ്‌കരകുന്ന് ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ചാണ് സംഭവം. ഒന്‍പതരയോടെ ശാലിനി കെഎസ്ആര്‍ടിസി ഭാഗത്തുനിന്ന് ഒരു യുവാവുമായി ഓട്ടോറിക്ഷയില്‍ പോകുന്നതു രാധ കണ്ടു. കൈയ്യില്‍ കരുതിയ ആസിഡുമായി രാധ പിന്നാലെ വയസ്‌കരകുന്നിലെ കേന്ദ്രത്തിലെത്തി.

ഓട്ടോയില്‍ ശാലിനിയോടൊപ്പമുണ്ടായിരുന്ന യുവാവുമായി കിടക്കുമ്പോഴാണ് രാധ ആസിഡ് പ്രയോഗം നടത്തിയത്. ഷര്‍ട്ട് ധരിച്ചെത്തിയ രാധയെ ശാലിനിക്ക് മനസിലായില്ല. ഒരു പുരുഷന്‍ ആസിഡ് ഒഴിച്ചു എന്നാണ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ശാലിനി പോലീസിനോട് പറഞ്ഞത്. പിന്നീട് സംസാര ശേഷി നഷ്ടപ്പെട്ട ശാലിനി ആശുപത്രിയില്‍ എത്തി അധികം താമസിയാതെ മരിച്ചു.

സംഭവ സമയത്ത് ശാലിനിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനും ആസിഡ് വീണ് പൊളളലേറ്റിരുന്നു. ഇയാള്‍ ചികിത്സ തേടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ വിവരം പോലീസിന് ലഭിച്ചതോടെയാണ് കേസിന് തുമ്പായത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് കേസുമായി പങ്കില്ല എന്നു വ്യക്തമായെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അനാശാസ്യ സംഘത്തിലെ നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാധയാണ് ഈ കൃത്യം നടത്തിയതെന്ന് വ്യക്തമായത്.

അനാശാസ്യ പ്രവര്‍ത്തനത്തിന് കിട്ടുന്ന പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കമാണ് ശാലിനിയെന്ന യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്ന സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊല്ലപ്പെട്ട ശാലിനിക്ക് ഇവരുടെ കൂട്ടത്തില്‍ അല്‍പം ഗ്ലാമറുണ്ട്. അതിനാല്‍ ശാലിനിക്ക് പ്രതിഫലം കൂടുതലാണ്. 1500 രൂപ ശാലിനി വാങ്ങുമ്പോള്‍ രാധ വാങ്ങുന്നത് 300-400 രൂപയാണ്.

തുക കുറച്ചു വാങ്ങുന്നതിനെ പലപ്പോഴും ശാലിനി ചോദ്യം ചെയ്യാറുണ്ട്. ഇതിന്റെ പേരില്‍ രാധയെ ശാലിനി ഉപദ്രവിക്കുമായിരുന്നു. പ്രതിഫലം കുറവായതിനാല്‍ രാധയ്ക്കായിരുന്നു കസ്റ്റമേഴ്‌സ് ഏറെ. ഇതിന്റെ വൈരാഗ്യത്തിനായിരുന്നു ഉപദ്രവം. ഉപദ്രവം സഹിക്കവയ്യാതെയാണ് ആസിഡ് പ്രയോഗം നടത്തിയതെന്ന് രാധ പോലീസില്‍ സമ്മതിച്ചു. ഇവര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥയറിഞ്ഞ പോലീസ് ആ വഴിക്കു നടത്തിയ അന്വേഷണത്തിലാണ് രാധ കുടുങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shalini Murder Case, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.