Latest News

സ്വര്‍ണ്ണമാലയ്ക്കായി യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന കേസില്‍ സുഹൃത്തും സഹായിയും അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണമാലയ്ക്കായി യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന കേസില്‍ സുഹൃത്തും സഹായിയും അറസ്റ്റില്‍. എരുമേലി ചരള ആമ്പശ്ശേരില്‍ ദീപു(31), സഹായി കര്‍ണാടക കൂര്‍ഗിലെ ശ്രീമംഗലം വിക്രം(26) എന്നിവരാണ് അറസ്റ്റിലായത്. 

മുണ്ടക്കയം പറത്താനം മാരൂര്‍ ജോസഫിന്റെ മകന്‍ ടോം ജോസഫിനെ(26) യാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇരുകാലുകളും തളര്‍ന്ന ദീപുവാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കത്തിക്കുന്നതിനു മുന്‍പ് സയനൈഡ് ചേര്‍ത്ത മിശ്രിതം ടോമിന് നല്‍കിയിരുന്നു. ഒക്‌ടോബര്‍ 22നാണ് ടോം ജോസഫിനെ കാണാതായത്. 

കാഞ്ഞിരപ്പള്ളിയിലുള്ള സഹോദരന്റെ കടയില്‍ ജോലി ചെയ്യുകയായിരുന്നു ടോം. ശരീരത്തിലെ പേശികള്‍ ക്ഷയിക്കുന്ന(മസ്‌കുലാര്‍ ഡിസ്‌ട്രോഫി) രോഗം ബാധിച്ച ദീപുവിന് ടോം ജോസഫുമായി മുന്‍പരിചയമുണ്ടായിരുന്നു. 2010ലാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. മുണ്ടക്കയം 35-ാം മൈലിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ആസ്പത്രി കാന്‍റീനിലെ ജീവനക്കാരനായിരുന്ന ടോമിനെ പരിചയപ്പെട്ടത്. 

സാമ്പത്തികമായി പിന്നിലായിരുന്ന ദീപുവിനെ ടോമാണ് സഹായിച്ചിരുന്നത്. ചികിത്സയ്ക്കുശേഷം കാറില്‍ ലോട്ടറി കച്ചവടം തുടങ്ങാനും സഹായം നല്‍കി. ടോമിനെ അപായപ്പെടുത്തി മാല തട്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദീപു, വിക്രമിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തി. പിന്നീട് ലോട്ടറി വില്‍ക്കുന്ന കാറില്‍ കാഞ്ഞിരപ്പള്ളിയിലെത്തി ഡോക്ടറെ കാണാനെന്നു പറഞ്ഞ് ടോമിനെ ഒപ്പം കൂട്ടി. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം മൂവരും കൂവപ്പള്ളിയില്‍ വച്ച് കഴിച്ചു. 

ടോമിന് നല്‍കിയ ഭക്ഷണത്തില്‍ രഹസ്യമായി സയനൈഡ് കലര്‍ത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ മുണ്ടക്കയത്തുവച്ച് മരുന്നെന്ന വ്യാജേന സയനൈഡ് ഗുളികയും സയനൈഡ് കലര്‍ത്തിയ വെള്ളവും നല്‍കി. ബോധരഹിതനായ ടോമിനെ പിന്നീട് തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ഇതിനിടെ മാലയും പഴ്‌സും കവര്‍ന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.