Latest News

ആലക്കോട് സ്വദേശിനിയായ വീട്ടമ്മ മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍

ആലക്കോട്: ആലക്കോട് സ്വദേശിനിയായ വീട്ടമ്മയെ മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രയരോം പള്ളിപ്പടിയിലെ പരേതനായ വട്ടമല തോമസിന്റെ ഭാര്യ ഏലിക്കുട്ടി (70)യാണ് കൊല്ലപ്പെട്ടത്. 

മംഗലാപുരം ടൗണില്‍ സിറ്റി സെന്ററിന് നേരെ മുന്നിലുള്ള നവരത്‌ന ലോഡ്ജിലെ മുറിയിലാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലാണ്. 

തലയണയിലും കിടക്ക വിരിയിലും രക്തം കട്ട പിടിച്ച് കിടപ്പുണ്ട്. മുറിക്കകത്തും രക്തപ്പാടുകള്‍ കാണപ്പെട്ടു. ഏലിക്കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കൈവശമുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായാണ്‌സൂചന. കഴിഞ്ഞ 14ന് വൈകുന്നേരം 3.30നാണ് ഏലിക്കുട്ടി ലോഡ്ജില്‍ മുറിയെടുത്തത്. ഏലിക്കുട്ടി, തോമസിന്റെ ഭാര്യ, ആലക്കോട്, കണ്ണൂര്‍ എന്നാണ് ലോഡ്ജില്‍ നല്‍കിയ വിലാസം. കൂടെ ഒരാളും ഉണ്ടായിരുന്നു. ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

ലോഡ്ജിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് കൂടെയുണ്ടായിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ലോഡ്ജ് ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോള്‍ പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു. ഇതേ തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഏലിക്കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.

മംഗലാപുരം നോര്‍ത്ത് എസ്.ഐ: ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പോലീസ് ലോഡ്ജ് മുറി പരിശോ
ധിച്ചു. മുറിയില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചത് ഏലിക്കുട്ടിയാണെന്ന് മനസ്സിലാ
യത്. തുടര്‍ന്ന് മംഗലാപുരം പോലീസ് ആലക്കോട് പോലീസില്‍ വിവരം അറിയിച്ചു. ആലക്കോട് പോലീസാണ് വിവരം ബന്ധുക്കള്‍ക്ക് കൈമാറിയത്. ഒരു വര്‍ഷമായി വെള്ളാട് പള്ളിക്കവലയില്‍ ഒറ്റയ്ക്കാണ്
ഏലിക്കുട്ടി താമസം. അസുഖത്തിന് മംഗലാപുരത്ത് ചികിത്സ തേടുന്ന ഇവര്‍ മരുന്ന് വാങ്ങാന്‍ ഇടക്കിടെ അങ്ങോട്ടുപോകാറുണ്ടത്രെ. 14നും മരുന്ന് വാങ്ങാനെന്ന് പറഞ്ഞാണ് മംഗലാപുരത്തേക്ക് പോയത്. പനംകുറ്റി തറക്കുന്നേല്‍ കുടുംബാംഗമാണ് ഏലിക്കുട്ടി.

മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ മംഗലാപുരത്ത് എത്തിയിട്ടുണ്ട്. മക്കള്‍: ജോയി (അധ്യാപകന്‍, ശ്രീപുരം ഗവ. ഹയര്‍ സെക്കണ്ടറിസ്‌കൂള്‍), രാജു (മാനീസ് ഫെര്‍ട്ടിലൈസേര്‍സ് ആലക്കോട്), ജയിംസ് (ജില്ലാ സഹകരണ ബാങ്ക് മാനേജര്‍, പയ്യന്നൂര്‍), കൊച്ച് (തോമസ്). മരുമക്കള്‍: ആന്‍സി (അധ്യാപിക, രയരോം ഹൈസ്‌കൂള്‍), ജയ ഇടകുളഞ്ഞിയില്‍ (പരപ്പ), ബീന (ലക്ചറര്‍, പയ്യന്നൂര്‍ കോളേജ്), നൈസി (ബളാംതോട്).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.