Latest News

ലൈംഗികാരോപണം: ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ സുപ്രീം കോടതി മുന്‍ ജഡ്ജ് എ.കെ ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ട് രാജ്ഭവനിലെത്തി സംസ്ഥാന ഗവര്‍ണര്‍ എം.കെ നാരായണനെ കണ്ടാണ് ഗാംഗുലി രാജിക്കത്ത് കൈമാറിയത്.

മുന്‍ ജസ്റ്റിസിനെ നീക്കുന്നത് സംബന്ധിച്ച് രാഷ്ട്രപതി നല്‍കിയ റഫറന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി രാഷ്ട്രപതി ഭവനിലേക്ക് തന്നെ തിരിച്ചയക്കുന്നതിന് തൊട്ടുമുമ്പാണ് രാജിയുണ്ടായത്. റഫറന്‍സ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കി വിഷയത്തില്‍ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.ഗാംഗുലിയെ നീക്കാനുള്ള നടപടി ക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരമോന്നത കോടതി തള്ളിയതും രാജി വേഗത്തിലാക്കി.

2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഇന്റേണ്‍ഷിപ്പിന് വന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നാണ് കേസ്. ഗാംഗുലി സംഭവം ശക്തമായി നിഷേധിച്ചിട്ടുണ്ടെങ്കിലും വിഷയം അന്വേഷിച്ച സുപ്രീം കോടതി പാനല്‍ മുന്‍ ജസ്റ്റിസിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതിനിടെ, സംഭവത്തില്‍ തിങ്കളാഴ്ച സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. കേസില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങളില്‍ എന്തെങ്കിലും പ്രതികരിക്കാനും കോടതി വിസമ്മതിച്ചു. നിലവിലെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ച് ഗാംഗുലിക്കെതിരെ പൂര്‍ണ തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹി സ്വദേശി ഡോ. എം.പദ്മനാരായണ്‍ സിങാണ് ഹര്‍ജി നല്‍കിയിരുന്നത്.

രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റഫറന്‍സ് നല്‍കുന്നതിന് മുമ്പ് രാജിവെച്ചൊഴിയുമെന്ന് ഗാംഗുലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ഗാംഗുലിയുടെ രാജി നേരത്തെ തന്നെ ഉണ്ടാകേണ്ടിയിരുന്നു എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ് പ്രതികരിച്ചു. സര്‍ക്കാറിന് വേണ്ടി ഇവരാണ് ഗാംഗുലിയുടെ രാജി ആവശ്യപ്പെട്ടിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justice Ganguly, Rape Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.