Latest News

പ്രമുഖ തെലുങ്ക് നടന്‍ നാഗേശ്വര റാവു അന്തരിച്ചു

ഹൈദരബാദ്: തെലുങ്ക് ചലച്ചിത്രരംഗത്തെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് അന്ത്യം സംഭവിച്ചത്. നടനും നിര്‍മ്മാതാവുമായി 75 വര്‍ഷം തെലുങ്ക് സിനിമയില്‍ നിറഞ്ഞിനിന്ന വ്യക്തിത്വമായിരുന്നു നാഗേശ്വരറാവു. എ.എന്‍.ആര്‍ എന്നാണ് അദ്ദേഹത്തിന്റെ സിനിമലോകത്തെ വിളിപ്പേര്.

തെലുങ്ക്. തമിഴ്, ഹിന്ദി ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 1941 ല്‍ ധര്‍മ്മപത്‌നിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കൃഷിക്കാരനായി ജീവിതം തുടങ്ങി നാടകരംഗത്ത് കൂടിയാണ് നാഗേശ്വരറാവു അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സ്ത്രീവേഷങ്ങളിലൂടെ അദ്ദേഹം ആദ്യകാലങ്ങളില്‍ ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് അഭിനയം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് നാഗേശ്വരറാവു സ്ത്രീ വേഷങ്ങള്‍ ചെയ്ത് തകര്‍ത്താടിയത്. ഹരിശ്ചന്ദ്ര, കനകതാര, വിപ്രനാരായണ, സത്യാന്വേഷണം തുടങ്ങിയവ അദ്ദേഹം നിറഞ്ഞാടിയ നാടകങ്ങളാണ്. 1941 ല്‍ തന്റെ 17 ാം വയസ്സിലാണ് നാഗേശ്വരറാവു ആദ്യ ചിത്രമായ ധര്‍മ്മപത്‌നിയില്‍ അഭിനയിക്കുന്നത്.

വിജയവാഡ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രശസ്ത നിര്‍മ്മാതാവ് ഗണ്ടസാല ബാലരാമയ്യയെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹത്തിന്റെ സിനിമജീവിതം വഴിത്തിരിവിലെത്തുന്നത്. സീതാരാമജനനം എന്ന തന്റെ പുതിയ ചിത്രത്തില്‍ രാമന്റെ വേഷമാണ് ബാലരാമയ്യ നാഗേശ്വരറാവുവിന് വച്ചുനീട്ടിയത്.

തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നാഗേശ്വരറാവുവിന് അവകാശപ്പെട്ടതാണ്. കോമഡി വേഷങ്ങളിലും തനതായ ശൈലി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദാസരി നാരായണ റാവു സംവിധാനം ചെയ്ത നാഗേശ്വരറാവുവിന്റെ പ്രേമാഭിഷേകം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.

ഹൈദരബാദ് നഗരത്തില്‍ 533 ദിവസമാണ് ഈ സിനിമ ഓടിയത്. തുടര്‍ച്ചയായി 365 ദിവസത്തില്‍ കൂടുതല്‍ ഓടിയ ഏക തെലുങ്ക് ചിത്രവും പ്രേമാഭിഷേകമാണ്. ആദ്യമായി തെലുങ്ക് സിനിമയില്‍ ഇരട്ടവേഷം ചെയ്യുന്നതും നാഗേശ്വരറാവുവാണ്, നവരാത്രി എന്ന ചിത്രത്തില്‍ അദ്ദേഹം ഒമ്പത് റോളിലാണ് പ്രത്യക്ഷപ്പെട്ടത്.

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് ദാദ സാഹിബ് പുരസ്‌കാരവും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു നാഗേശ്വരറാവു. എന്‍.ടി രാമറാവുവും നാഗേശ്വരറാവുവുമാണ് യഥാര്‍ഥത്തില്‍ തെലുങ്ക് സിനിമയുടെ കുലപതികള്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മൂന്നു തവണ നേടി.

അക്കിനേനി നാഗേശ്വരറാവുമാണ് യഥാര്‍ഥത്തില്‍ തെലുങ്ക് സിനിമയെ പഴയ മദ്രാസില്‍ നിന്നും ഹൈദരബാദിലേക്ക് പറിച്ചുനട്ടത്. അതിന് നിമിത്തമായത്. 1955 ല്‍ അദ്ദേഹം സ്ഥാപിച്ച അന്നപൂര്‍ണ സ്റ്റുഡിയോസാണ്. ഈ ബാനറില്‍ അമ്പതോളം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജുന ഉള്‍പ്പടെ അഞ്ച് മക്കളുണ്ട്. കൊച്ചുമക്കളായ സുമന്തും നാഗചൈതന്യയും തെലുങ്കിലെ പുതുതലമുറ താരങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Nageswara Rao, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.