Latest News

ക്രൂരമായ മര്‍ദനത്തിനുശേഷമാണ് രാധയെ കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദനത്തിന് ശേഷമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ തൃശ്ശൂര്‍ മേഖലാ ഐ.ജി എസ്. ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായില്‍ തുണിതിരുകി മൂക്കിലും വായിലും പ്ലാസ്റ്റര്‍ ഒട്ടിച്ച്, പ്ലാസ്റ്റര്‍ കൊണ്ട് കഴുത്തിന് ചുറ്റി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. മരിക്കുന്നതിന് മുമ്പ് രാധയുടെ ജനനേന്ദ്രിയത്തില്‍ മാറാലയടിക്കുന്ന ചൂലിന്റെ പ്ലാസ്റ്റിക് പിടി കയറ്റിയതായി തെളിഞ്ഞതായും ഐ.ജി വ്യക്തമാക്കി. ഇത് തൊണ്ടിമുതലായി ഓഫീസില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ലൈംഗികമായ ഇടപെടലുണ്ടായില്ലെങ്കിലും ചൂലിന്റെ പിടി കയറ്റിയതും ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിലാണ് പുതിയ നിയമമനുസരിച്ച് വരിക. ജനനേന്ദ്രിയത്തിനകത്ത് അഞ്ച് സെന്റീമീറ്റര്‍ മുറിവുണ്ടായിട്ടുണ്ട്. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വ്യക്തമാകൂവെന്നും ഐ.ജി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. രതീഷിന്റെയും ഡോ. ഷേര്‍ളി വാസുവിന്റെയും നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ സംഘം വെള്ളിയാഴ്ച നിലമ്പൂരിലെത്തിയതിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പോലീസിന് ശനിയാഴ്ച നല്‍കിയത്.

കഴിഞ്ഞ ഏഴുവര്‍ഷമായി കേസിലെ പ്രതി ബിജു കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയാണ്. വര്‍ഷങ്ങളായി രാധയും ഇതേ ഓഫീസില്‍ തൂപ്പുജോലി ചെയ്യുന്നു. വളരെ അടുപ്പത്തിലായിരുന്നു ഇരുവരുമെങ്കിലും കുറച്ചു നാളായി അകന്നിരുന്നതായി ബിജു മൊഴി നല്‍കിയിട്ടുണ്ട്. രാധ മനസ്സുതുറന്നാല്‍ തന്റേതടക്കമുള്ള ചിലരുടെ കുടുംബജീവിതം തകരുമെന്ന് ബിജു ഭയന്നിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഐ.ജി വ്യക്തമാക്കി.

കഴിഞ്ഞ ഒന്നാംതീയതി പ്രാഥമിക ഗൂഢാലോചന നടന്നു. തുടര്‍ന്ന് രണ്ടാംതീയതി ബിജു തിരുവനന്തപുരത്ത് പോയി. നാലിന് തിരികെ വന്നു. അന്നുരാത്രി സുഹൃത്ത് ഷംസുദ്ദീനുമായി വീണ്ടും ഗൂഢാലോചന നടത്തുകയും കൊലയ്ക്കുവേണ്ട കയര്‍, പ്ലാസ്റ്റര്‍, കത്രിക, ചാക്ക് തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മുന്‍ തീരുമാനമനുസരിച്ച് അഞ്ചാംതീയതി കൊല നടത്തി. മൃതദേഹം ചാക്കില്‍കെട്ടി ഷംസുദ്ദീനാണ് മുകളില്‍നിന്ന് ചുമന്നുകൊണ്ട് വന്ന് താഴെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ഗുഡ്‌സില്‍ കയറ്റിയത്. മാലിന്യങ്ങള്‍ കൊണ്ടുപോകുകയാണെന്നും എന്തെങ്കിലുമുണ്ടോ എന്ന്‌സമീപത്തെ കടക്കാരോട് ബിജു ചോദിക്കുകയും ഒരു കടയില്‍നിന്ന് അവര്‍ നല്‍കിയ മാലിന്യം കൊണ്ടു പോകുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

രണ്ടുപേര്‍ മാത്രമാണ് കേസില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടില്ലെന്നും ഐ.ജി പറഞ്ഞു. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ ഒമ്പതുവരെ ബിജുവിന്റെ ഫോണില്‍ നിന്ന് വിളിച്ചവരുടെയും ബിജുവിനെ വിളിച്ചവരുടെയും നമ്പറുകള്‍ പരിശോധിച്ചുവരികയാണ്. അതനുസരിച്ച് ഇതുവരെ 69 സാക്ഷികളെ പോലീസ് ചോദ്യംചെയ്തു. കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും. കൊല്ലപ്പെട്ട രാധയുടെ കണ്ണട, വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ സാമ്പിളുകള്‍, ചെരിപ്പ്, മൊബൈല്‍ഫോണ്‍, സിം കാര്‍ഡ്, ആഭരണങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിജു ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍, മൃതദേഹം കൊണ്ടു പോയ ഷംസുദ്ദീന്റെ ഓട്ടോ ഗുഡ്‌സ് എന്നിവയും തൊണ്ടിയായി കണ്ടെത്തിയിട്ടുണ്ട്.

കോടതി റിമാന്‍ഡ്‌ചെയ്തിരുന്ന പ്രതികളെ കഴിഞ്ഞ 13-നാണ് പോലീസ് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഐ.ജി പറഞ്ഞു. ഐ.ജി എസ്. ഗോപിനാഥിന്റെ നിര്‍ദേശമനുസരിച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍, നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍, വണ്ടൂര്‍ സി.ഐ മൂസ വള്ളിക്കാടന്‍, നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കല്‍, എടക്കര എസ്.ഐ ജ്യോതീന്ദ്രകുമാര്‍, എ.എസ്.ഐ ശിവദാസന്‍, ക്രൈം സ്‌ക്വാഡിലെ അംഗങ്ങളായ കെ. ഗിരീഷ്‌കുമാര്‍, എം. മനോജ്, കെ. രാജേഷ്, എ.ആര്‍. സതീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ എസ്.പി വിമലാദിത്യ, ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍, സി.ഐമാരായ എ.പി. ചന്ദ്രന്‍, മൂസ വള്ളിക്കാടന്‍, എസ്.ഐമാരായ സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍ എന്നിവരും പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nilambur, Radha, Murder 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.