Latest News

സിബിഐ അന്വേഷണത്തിന് തത്വത്തില്‍ അംഗീകാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധഗൂഢാലോചന സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അന്വേഷണം നടത്തുന്നത് നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ ഉണ്ടാവുകയുള്ളൂ. കേസില്‍ ഏത് അന്വേഷണം നടത്തുന്നതിനും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നശേഷം നിരവധി കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതിനോടെല്ലാം സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ടി.പി വധക്കേസിലും അതേ നിലപാട് തന്നെയാണ് സര്‍ക്കാരിന്റേത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മാത്രമെ അന്വേഷണം നടത്താനാകു. അതിനൊരു സമയപരിധി നിശ്ചയിക്കാനാവില്ല. അന്വേഷണത്തിന് മുമ്പ് ഗവണ്‍മെന്റ് പാലിക്കേണ്ട നിയമപരമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനം യഥാസമയം ഉണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സര്‍ക്കാരിന്റെ നിലപാട് ആര്‍.എം.പിയെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ തന്നെ അറിയിച്ചിട്ടുണ്ട്. ടി.പിയുടെ ഭാര്യ രമ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രമയും ആര്‍.എം.പിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.പി കേസിന്റെ ആദ്യഘട്ടം പൊലീസ് പ്രശംസനീയമായ രീതിയിലാണ് അന്വേഷിച്ചത്. പ്രതികള്‍ക്ക് ശിക്ഷയും ലഭിച്ചു.

കേസിലെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ആരുമായും ഒത്തുകളിക്കുന്നില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി.പിയെ വധിച്ച കേസ് അന്വേഷിച്ച അതേ ആത്മാര്‍ത്ഥതയോടെയും കാര്യക്ഷമതയോടും തന്നെ പുതിയ കേസും അന്വേഷിക്കും. നിഷ്പക്ഷമായ രീതിയിലാകും അന്വേഷണം. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല. എന്നാല്‍ തെറ്റു ചെയ്തവര്‍ രക്ഷപ്പെടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിലെ അവസാന കൊലയാകണം ഇതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും ഉണ്ടാകാം. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നതിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Murder, CBI, Ummanchandi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.