Latest News

19 വര്‍ഷംമുമ്പ് കാണാതായ കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു; മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: 19 വര്‍ഷം മുമ്പ് ചങ്ങനാശ്ശേരി മതുമൂലയില്‍ നിന്ന് കാണാതായ കുട്ടി കൊല്ലപ്പെട്ടതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 95ല്‍ ചങ്ങനാശ്ശേരി പോലീസ് അന്വേഷിച്ച കേസ് 96ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മുഖ്യപ്രതി ചങ്ങനാശ്ശേരി വാഴപ്പിള്ളി മഞ്ചാടിക്കര ഇളമുറിയില്‍ വീട്ടില്‍ ഉണ്ണി എന്ന ഹരികുമാറിനെ (41) ക്രൈംബ്രാഞ്ച് എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കൃത്യത്തിന് സഹായിച്ച രണ്ടാം പ്രതിയായ കോനാരി സലി ഒളിവിലാണ്. മൂന്നാം പ്രതി കണ്ണന്‍ എന്ന പ്രമോദ് കഴിഞ്ഞ വര്‍ഷം മരിച്ചു. സ്വര്‍ണമാല കവരുന്നതിനിടെ പ്രതികള്‍ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

1995 സപ്തംബര്‍ എട്ടിനായിരുന്നു മതുമൂലയിലെ ഉദയ സ്റ്റോഴ്‌സ് ഉടമയായിരുന്ന വിശ്വനാഥന്‍ ആചാരിയുടെ പതിമൂന്ന് വയസ്സുള്ള മകന്‍ മഹാദേവനെ കാണാതായത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തും മഹാദേവനു വേണ്ടി അന്വേഷണം നടന്നു. പലരും പല സ്ഥലത്തുവച്ചും മഹാദേവനെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഈ കാലത്ത് മഹാദേവന്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ് വിശ്വനാഥന്‍ ആചാരിയോട് പണം ആവശ്യപ്പെട്ട് ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും വന്നിരുന്നു. മഹാദേവനെ തട്ടിക്കൊണ്ടുപോയതായും തെളിവ് നല്‍കാമെന്നുംവരെ പറഞ്ഞു. കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങിയതിനാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വിശ്വനാഥന്‍ ആചാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. 96 മുതല്‍ ഇവര്‍ അന്വേഷണവും തുടങ്ങി.

ഒരു തുമ്പും കിട്ടാതെ 2001ല്‍ അവര്‍ കേസ് അന്വേഷണം അവസാനിപ്പിച്ച് ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു. ഇതേത്തുടര്‍ന്ന് വിശ്വനാഥന്‍ ആചാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡീഷണല്‍ പോലീസ് ഡയറക്ടറുടെ (ക്രൈംസ്) മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കേസിന്റെ അന്വേഷണം നേരിട്ട് നടത്തണമെന്ന് കോടതി ഉത്തരവായി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകമെന്ന സൂചന ലഭിച്ചു. മഹാദേവനെ കണ്ടു എന്നു പറഞ്ഞ സാക്ഷികളെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി പറഞ്ഞതാണ് നിര്‍ണായമായത്. ആ ദിശയില്‍ അന്വേഷണം നടത്തിയപ്പോള്‍ കൊലപാതക രഹസ്യം ചുരുളഴിയുകയായിരുന്നു. ഇതിനിടയില്‍ മഹാദേവന്റെ അച്ഛനും അമ്മയും മരിച്ചു. പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:

മഹാദേവന്‍ അക്കാലത്ത് 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ധരിച്ചിരുന്നു. മതുമൂല ജംഗ്ഷനില്‍ ഉണ്ണി എന്ന ഹരികുമാറും അയാളുടെ അച്ഛനും സൈക്കിള്‍ കട നടത്തിയിരുന്നു. മദ്യപനും സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളുമായ ഉണ്ണി പണം കണ്ടെത്താന്‍ മഹാദേവന്റെ സ്വര്‍ണമാല അന്നേ നോക്കിവെച്ചിരുന്നു. മുമ്പ് ഒരു പ്രാവശ്യം വീടുവിട്ടുപോയിട്ടുള്ള മഹാദേവന് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ വീടുവിട്ട് പോയിക്കാണുമെന്ന് വിചാരിക്കുമെന്നും ഇയാള്‍ കരുതി. മഹദേവന് അച്ഛന്‍ വാങ്ങി നല്‍കിയ സൈക്കിള്‍ ഉണ്ടായിരുന്നു. ഇത് സ്ഥിരം ഉണ്ണിയുടെ കടയിലാണ് റിപ്പയറിങ്ങിന് നല്‍കിയിരുന്നത്. സംഭവദിവസം കടയില്‍ ക്ലീന്‍ ചെയ്യുന്നതിന് നല്‍കിയ സൈക്കിള്‍ തിരികെ വാങ്ങാനെത്തിയ മഹാദേവന്റെ മാല എങ്ങനെയെങ്കിലും കൈക്കലാക്കാന്‍ ഉണ്ണി തീരുമാനിച്ചു. 

മഹാദേവനെ കടയുടെ അകത്തേക്ക് കയറ്റി സ്വര്‍ണമാല എടുക്കാനായി അയാളുടെ ശ്രമം. തടസ്സംനിന്ന മഹാദേവന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാല ഊരിയെടുത്തു. മൃതദേഹം പിന്നീട് പ്രതിയുടെ സുഹൃത്തായ കൊനാരി സലി എന്ന സലിമോന്‍, ഉണ്ണിയുടെ അളിയന്‍ കണ്ണന്‍ എന്ന പ്രമോദ് എന്നിവര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി വെള്ളക്കുഴിയില്‍ മൃതദേഹം താഴ്ത്തുകയായിരുന്നു. ആറ് മാസത്തോളമായി ഉണ്ണിയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഇയാളെ ചങ്ങനാശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി വിന്‍സണ്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് (എച്ച്.എച്ച്.ഡബ്ലു.-2) എസ്.പി. കെ.ജി. സൈമണാണ് അന്വേഷണം നടത്തിയത്. എസ്.ഐ.മാരായ കെ.എഫ്. ജോബ്, എ.ബി. പൊന്നപ്പന്‍, എഎസ്‌ഐ തങ്കരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഇയാളെ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നുള്ള അന്വേഷണം കസ്റ്റഡിയില്‍ വാങ്ങിയശേഷമായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.