Latest News

പൂജപ്പുര ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്, കുടുംബത്തെ ആക്രമിക്കുമെന്ന്‌

തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിക്കത്ത്. മര്‍ദ്ദിതവീരന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പെന്ന വിധത്തിലും ആക്രമണം നടത്തുമെന്ന വിധത്തിലാണ് കത്തിലെ പരാമര്‍ശം. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സാംതങ്കയ്യനാണ് കത്ത് ലഭിച്ചത്.

കത്തിലെ വാചകങ്ങള്‍ ഇപ്രകാരമാണ്- ''ജയിലിലെ മര്‍ദ്ദിതവീരന്‍മാര്‍ സൂക്ഷിക്കുക, നിനക്കൊക്കെ കുടുംബമുണ്ടെന്ന കാര്യം മറക്കരുത്. എല്ലാക്കാലത്തും നിനക്കൊക്കെ യൂണിഫോമിന്റെ സംരക്ഷണം കാണില്ല. നിങ്ങളുടെ കുടുംബത്തെയും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയും വകവരുത്തും''. ഈ കത്ത് എവിടെ നിന്നാണ് അയച്ചതെന്നുള്ള തപാല്‍ സീല്‍ വ്യക്തമായി പതിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പേരില്‍ ഭീഷണിക്കത്ത് ജയിലില്‍ ലഭിച്ചത്. കത്ത് ലഭിച്ചയുടന്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് കത്ത് കൈമാറി. സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തു.

കേരള പോലീസ് ആക്ട് 118 (ബി) ഐപിസി 506(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജയില്‍ ഉദ്യോഗസ്ഥരോട് വിരോധമുള്ള തടവുകാരുടെ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ശേഖരിക്കും. കത്ത് എഴുതിയിരിക്കുന്നത് ഇടത് കൈപ്പടയിലാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ കത്തില്‍ നിരവധി അക്ഷരത്തെറ്റുകളും കാണുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനകത്ത് കഞ്ചാവ് കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചില തടവുകാരെ ജയില്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയിരുന്നു.

ഇതിലുള്ള വിരോധമാണൊ ഭീഷണി കത്ത് അയക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയവും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമുണ്ട്. ഈ അടുത്ത കാലത്ത് ജയിലില്‍ നിന്നും പുറത്തിറങ്ങിയവരെയും ജയിലിലെത്തി തടവുകാരെ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജയില്‍ അധികൃതരില്‍ നിന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ഏതെങ്കിലും തടവുകാരന്‍ തന്നെ കാണാനെത്തിയ വ്യക്തികളോട് പറഞ്ഞ് ഭീഷണിക്കത്ത് അയപ്പിച്ചതാണോയെന്നും പോലീസിന് സംശയുമുണ്ട്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനമേറ്റതിന്റെ വിരോധമാണോ ഭീഷണിക്കത്തിന് ആധാരമെന്നും സംശയമുയരുന്നുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ ഭീതിയിലായി മാറിയിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. ആവശ്യമാണെങ്കില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poojappura,Police, Black Male, Letter, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.