Latest News

യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത് കൊലയെന്ന് തെളിഞ്ഞു; യുവാവ് പിടിയില്‍

കൂത്തുപറമ്പ്: കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തള്ളോട്ട് സ്വദേശിനി പുഷ്പ (38)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി ഷൈജു (30)വിനെയാണ് സി.ഐ: കെ.വി. ബാബു കസ്റ്റഡിയില്‍ എടുത്തത്. 2013 ഫെബ്രുവരി 25നാണ് പുഷ്പയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പയുടെ വീടുമായി ഏറെ അടുപ്പത്തിലായിരുന്നു ഷൈജു.

ഈ വീട്ടിലെ എല്ലാ കാര്യത്തിനും സഹായിയായി ഷൈജു മുന്‍പന്തിയിലുണ്ടാകാറുണ്ട്. സംഭവം ദിവസം വൈകുന്നേരം മൂന്ന് മണിയോടെ പുഷ്പയുടെ വീട്ടില്‍ എത്തിയ ഷൈജുവുമായി എന്തോ ജോലിയെ സംബന്ധിച്ച് വാക്ക് തര്‍ക്കം ഉണ്ടായി. ഇതേ തുടര്‍ന്ന് ഷൈജു പുഷ്പയെ മര്‍ദ്ദിച്ചു. ഷൈജുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. ഇതേ തുടര്‍ന്ന് സുഹൃത്ത് മറ്റ് സുഹൃത്തുക്കളെ വിളിച്ചു കൊണ്ടുവരാന്‍ പുറത്തേക്കുപോയി.

ഇയാള്‍ മറ്റ് സുഹൃത്തുക്കളുമായി തിരിച്ച് എത്തിയപ്പോഴേക്കും ഷൈജുവിനെയും പുഷ്പയെയും കാണാനില്ലായിരുന്നു. പിന്നീട് പുഷ്പയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍ ഷൈജു പുഷ്പയെ മര്‍ദ്ദിച്ച കാര്യം സുഹൃത്തുക്കളൊന്നും പുറത്തു പറഞ്ഞില്ല. സംഭവം നടക്കുമ്പോള്‍ പുഷ്പയുടെ ഭര്‍ത്താവ് സുരേഷ് ജോലി സ്ഥലത്തായിരുന്നു. എട്ടാം ക്ലാസുകാരനായ മകന്‍ സ്‌കൂളിലുമായിരുന്നു. മരണത്തില്‍ ഭര്‍ത്താവ് സംശയം പ്രകടിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേഹത്ത് മര്‍ദ്ദനമേറ്റതായി തെളിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ സി.ഐ അന്വേഷണം ഏറ്റെടുത്തു. ഒരാഴ്ച മുമ്പ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തി കിണറും വീടും പരിശോധിച്ചിരുന്നു. മര്‍ദ്ദനമേറ്റ് പുഷ്പയുടെ എല്ല് തകര്‍ന്നിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുറത്തേക്ക് മുറിവ് കാണാത്ത വിധമുള്ള ക്ഷതമാണ് സംഭവിച്ചത്. സംഭവ സ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് സര്‍ജന്‍ മര്‍ദ്ദിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊന്നതാകാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഷൈജുവിനെ പോലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഷൈജു കുറ്റം സമ്മതിക്കുകയായിരുന്നു.

ഷൈജുവിന്റെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കുളിമുറിയിലേക്ക് കയറിയ പുഷ്പയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പുഷ്പ രക്ഷപ്പെടാന്‍ ഷൈജുവിന്റെ കൈയില്‍ കടിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഷൈജു വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെ പുഷ്പ മെഴുകുതിരി കത്തിച്ചുവെക്കുന്ന മരക്കട്ടയെടുത്ത് ഷൈജുവിനെ എറിഞ്ഞു. അപ്പോഴേക്കും കുളിമുറിയില്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന ജനലിന് സമീപമെത്തിയ പുഷ്പയെ ഷൈജു കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. രക്ഷപ്പെടാന്‍ നിലവിളിച്ച പുഷ്പക്ക് കയറി വരാന്‍ വെള്ളം കോരുന്ന കയര്‍ ഇട്ടുകൊടുത്തുവെങ്കിലും അവര്‍ അതില്‍ പിടിച്ചു കയറിയില്ല. ഇതോടെ പുഷ്പ മരിച്ചവെന്നുകരുതി ഷൈജു സ്ഥലംവിടുകയായിരുന്നു.

സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പുഷ്പ പാനൂരിലെ അവരുടെ വീട്ടിലേക്ക് പോയെന്നും താന്‍ തന്റെ വീട്ടിലേക്ക് മടങ്ങിയെന്നും ആണ് ഷൈജു മറുപടി നല്‍കിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് എത്തിയ മകനാണ് അമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തലശേരി എ.എസ്.പി: നാരായണന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. കൂത്തുപറമ്പ് എസ്.ഐ: ഗംഗാധരന്‍, തലശേരി സി.ഐയുടെ സ്‌ക്വാഡിലെ എസ്.ഐ: എ.കെ.വല്‍സന്‍, ബിജുലാല്‍, ഷിബു, രഞ്ജിത്ത്, സൈബര്‍ സെല്‍ എന്നിവര്‍ കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder case, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.