Latest News

ബന്ധുവീട്ടില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

പത്തനാപുരം: ബന്ധുവീട്ടില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല നെടുവേലില്‍ വീട്ടില്‍ ശശിധരന്റെ മകന്‍ ശ്രീജിത്ത് (26) ആണ് മരിച്ചത്. കുന്നിക്കോട് മേലിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ സഹോദരീ ഭര്‍ത്താവിന്റെ സഹോദരന്‍ മേലില കൃഷ്ണ വിലാസത്തില്‍ അനില്‍കുമാറിനെ (40) സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കോട് പൊലീസ് പിടികൂടി.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: മുംബയിലായിരുന്ന ശ്രീജിത്ത് ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. ഐവര്‍കാലയില്‍ ഉത്സവം ആഘോഷിക്കാന്‍ ചൊവ്വാഴ്ച ശ്രീജിത്തിന്റെ സഹോദരി അനിതയ്ക്കും ഭര്‍ത്താവ് അരുണ്‍കൃഷ്ണനുമൊപ്പം അരുണിന്റെ സഹോദരനായ അനില്‍കുമാറും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. ഉത്സവം കണ്ടശേഷം രാത്രി അനിതയെയും അരുണ്‍ കൃഷ്ണനെയും ശ്രീജിത്ത് കാറില്‍ മേലിലയിലെ വീട്ടിലെത്തിച്ചു. ഇവര്‍ക്കൊപ്പം വരാന്‍ തയ്യാറാകാതിരുന്ന അനില്‍കുമാറിനെ ശശിധരന്‍ ബുധനാഴ്ച പുലര്‍ച്ചയോടെ ഓട്ടോയില്‍ കുന്നിക്കോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഉത്സവ സ്ഥലത്ത് ചിലരുമായി വഴക്കുണ്ടാക്കിയതിനെക്കുറിച്ച് വീട്ടുകാര്‍ അനിലിനെ ചോദ്യം ചെയ്തു. 

ഇത് ശശിധരനും അനിലുമായി വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. ഇത് കണ്ടുനിന്ന ശ്രീജിത്ത് തടസം പിടിക്കാനെത്തിയപ്പോള്‍ കൈയ്യില്‍കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനില്‍ ശ്രീജിത്തിന്റെ വയറില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ശ്രീജിത്തിനെ വീട്ടുകാര്‍ ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനിലിനെ അയല്‍ക്കാര്‍ പിടികൂടി കുന്നിക്കോട് പൊലീസിന് കൈമാറുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.