Latest News

കര്‍ണാടകയില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവം ശിരസുകള്‍ക്കായി തെരച്ചില്‍ തുടരുന്നു

ബാംഗളൂര്‍: മൈസൂരിനടുത്ത ചാമരാജ് നഗര്‍ ജില്ലയിലെ കൊല്ലേഗലിനടുത്ത ജാഗേരി വനത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളുടെ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ മണിക്കടവ് വേങ്ങത്താനത്തെ സോജി തോമസ് (35), സുഹൃത്തും കോട്ടയം മുണ്ടത്താനം സ്വദേശിയുമായ പ്ലാക്കുഴി ബിനോസ് തോമസ് (32) എന്നിവരുടെ ശിരസരറ്റ മൃതദേഹങ്ങളാണു കത്തിക്കരിഞ്ഞ നിലയില്‍ കഴിഞ്ഞ ഒന്‍പതിന് ജാഗേരി വനത്തില്‍ കാണപ്പെട്ടത്.

മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കാന്‍ കൊല്ലപ്പെട്ട സോജിയുടെയും ബിനോസിന്റെയും ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ ബാംഗളൂരില്‍ നിന്നു കൊല്ലേഗലിലെത്തിയിട്ടുണ്ട്. രക്തസാമ്പിള്‍ നല്‍കാന്‍ ഞായറാഴ്ച ബന്ധുക്കള്‍ കൊല്ലേഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഇവ സൂക്ഷിക്കാന്‍ വേണ്ട റഫ്രിജറേഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

ഡിഎന്‍എ പരിശോധയ്ക്കായി മൃതദേഹങ്ങളുടെ തുടയെല്ലുകള്‍ പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ പോലീസ് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് അംഗീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കൊലയ്ക്കുശേഷം കത്തിച്ച മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരത്തെ സംസ്‌കരിച്ചിരുന്നു. ഇതു പുറത്തെടുത്താണു ബന്ധുക്കള്‍ക്കു നല്‍കുക. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയത്തെത്തിച്ചായിരിക്കും സംസ്‌കരിക്കുകയെന്നു ബന്ധുക്കള്‍ പറഞ്ഞു. സോജിയുടെ ഭാര്യാവീട് പത്തനംതിട്ട ജില്ലയിലെ കുളത്തൂര്‍മൂഴിയിലാണ്.

കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത ശിരസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശിരസുകളും ആയുധങ്ങളും ചാക്കില്‍കെട്ടി പ്രതികള്‍ ഷിംസ വെള്ളച്ചാട്ടത്തില്‍ തള്ളുകയായിരുന്നു. ഈ ചാക്കുകെട്ട് പോലീസ് കണ്ടെടുത്തെങ്കിലും ആയുധങ്ങളും സോജിയുടെയും ബിനോസിന്റെയും തലമുടികളും രക്തക്കറയുടെ അംശവും മാത്രമാണ് ഉണ്ടായിരുന്നത്. ശിരസുകള്‍ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതതെരച്ചില്‍ നടത്തിവരികയാണ്. സോജിയുടെ വിരലില്‍ അണിഞ്ഞിരുന്ന ദൈവവചനം ആലേഖനം ചെയ്തിരുന്ന പ്ലാറ്റിനം മോതിരമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇടയാക്കിയത്.

സംഭവത്തില്‍ ഞായറാഴ്ച അറസ്റ്റിലായ ജാഗേരിയിലെ എസ്‌റ്റേറ്റ് ഉടമയും ബാംഗളൂരിലെ താമര കണ്‍ട്രക്ഷന്‍സ് ഉടമയുമായ ബാംഗളൂര്‍ സി.വി. രാമന്‍ നഗര്‍ സ്വദേശി അരുണ്‍ റാവു (70), ഫാംഹൗസ് വാച്ചര്‍ ലിംഗരാജു (35) എന്നിവരെ കൊല്ലേഗല്‍ കോടതി റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിയായ അരുണ്‍ റാവുവിന്റെ ഡ്രൈവര്‍ രുദ്രഗൗഡ പാട്ടീല്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച സ്‌കോര്‍പിയോ കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ റാവുവും സോജി തോമസും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലയ്ക്കു പിന്നിലെന്നു ചാമരാജ് നഗര്‍ എസ്പി രാജേന്ദ്രപ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സാമ്പത്തികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അരുണ്‍ റാവുവിന്റെ റൊട്ടിക്കട്ടയിലെ ഫാമിലേക്കു സോജിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ചു സോജി സുഹൃത്ത് ബിനോസുമൊത്ത് റൊട്ടിക്കട്ടയിലെത്തി. സ്‌കോര്‍പ്പിയോ കാറിലെത്തിയ കൊലയാളി സംഘം ജാഗേരി വനത്തിലെ ഫാം ഹൗസിലേക്ക് ഇരുവരേയും കൂട്ടിക്കൊണ്ടുപോയി. ഇവര്‍ ഫാമിലെത്തുന്നതിനു മുമ്പ് ലിംഗരാജുവിനോടും ഡ്രൈവര്‍ രുദ്രഗൗഡ പാട്ടീലിനോടും അരുണ്‍ റാവു കൊലപാതകത്തേക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. വനത്തില്‍വച്ച് സാമ്പത്തികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ മൂവരും ചേര്‍ന്നു ഇരുവരുടേയും കൈകാലുകള്‍ കൂട്ടിക്കെട്ടി. സോജിയെ തലയ്ക്ക് കല്ലകൊണ്ട് ഇടിച്ച് ലിംഗരാജു ആദ്യം കൊലപ്പെടുത്തി.

തുടര്‍ന്നു ബിനോസിനെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ഡ്രൈവറായ പാട്ടീല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു എസ്പി പറഞ്ഞു. കൊലയ്ക്കു ശേഷം ഇരുവരുടേയും തല വെട്ടിയെടുത്തു ചാക്കിലാക്കി സൂക്ഷിച്ച ശേഷം ഉടലുകള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പിന്നീടു ചാക്കില്‍ സൂക്ഷിച്ചിരുന്ന ശിരസുകളും വസ്ത്രങ്ങളും സമീപത്തെ കനാലില്‍ തള്ളി. ഫെബ്രുവരി ഏഴിനു രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു കൊലപാതകം. തുടര്‍ന്ന് രാത്രി 10ഓടെ സോജിയുടെ കാറില്‍ ഡ്രൈവര്‍ രുദ്രഗൗഡ പാട്ടീല്‍ ബാംഗളൂരിലേക്കു രക്ഷപ്പെട്ടു. അന്നേദിവസം രാത്രി ഫാം ഹൗസില്‍ തങ്ങിയ അരുണ്‍ റാവുവിനെ പാട്ടീല്‍ എത്തി എട്ടിനു രാവിലെ ബാംഗളൂരിലേക്കു രക്ഷപ്പെടുത്തി.

കുവൈറ്റിലെ ക്രൂഡ് ഓയില്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ സോജി തോമസ് ഇടനിലക്കാരനായി അരുണ്‍ റാവു കൊല്ലം കുന്നത്തൂര്‍ ഇടക്കാട്ടുമുറി സ്വദേശി ബാലചന്ദ്രനു 2.45 കോടി രൂപ നല്‍കിയിരുന്നു. നല്‍കിയ തുകയോ ലാഭവിഹിതമോ തിരിച്ചുനല്‍കാത്തതിനേത്തുടര്‍ന്നുള്ള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. തുക തിരിച്ചുനല്‍കാത്തതു സംബന്ധിച്ച് ബാംഗളൂര്‍ സിറ്റി പോലീസില്‍ സോജി തോമസ്, ബാലചന്ദ്രന്‍ എന്ന ബാലാജി, ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സന്തോഷ് തുടങ്ങിയവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder case, Police, Karnadaka

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.