Latest News

താജുൽ ഉലമ ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍; ജനാസ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ ഖബറടക്കി




പയ്യന്നൂര്‍: ഏഴുപതിറ്റാണ്ടിലേറെ മുസ്‌ലിംസമുദായത്തിനു സൗമ്യതയോടെ ദിശാബോധം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ ചേതനയറ്റ ശരീരം കാണാന്‍ നാടിന്റെ നാനാദിക്കുകളില്‍നിന്നും ജനം ഒഴുകിയെത്തി. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എട്ടിക്കുളത്തെ വസതിയിലെത്തി.

രാവിലെ 10.20ന് എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. രാവിലെ ഏഴിനു തുടങ്ങിയ മയ്യിത്ത് നമസ്‌കാരം പല ഘട്ടങ്ങളിലായി മണിക്കൂറുകള്‍ നീണ്ടു.

എട്ടിക്കുളം ഗവ. യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ മയ്യിത്ത് നമസ്‌കാരത്തിനു മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. പല ഘട്ടങ്ങളിലായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, ഹുസയ്ന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ് ഈജിപ്ത്, കെ എസ് ആറ്റക്കോയ തങ്ങള്‍, ഹൈദ്രൂസ് മുസ്‌ല്യാര്‍ കൊല്ലം, വയനാട് ഹസന്‍ മുസ്‌ല്യാര്‍, കോട്ടൂര്‍ കുഞ്ഞാമു മുസ്‌ല്യാര്‍, കെ പി ഹംസ മുസ്‌ല്യാര്‍ ചിത്താരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇസ്മാഈല്‍ മുസ്‌ല്യാര്‍ എറണാകുളം, ഹാമിദ് ബാഫഖി, അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേന്ദ്ര വ്യോമയാനസഹമന്ത്രി കെ സി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹീം, കര്‍ണാടക ആരോഗ്യമന്ത്രി യു ടി അബ്ദുല്‍ ഖാദര്‍, മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ സി കൃഷ്ണന്‍, എന്‍ എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയനേതാക്കളായ അഡ്വ. ടി സിദ്ദീഖ്, എം സി കമറുദ്ദീന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി,തുടങ്ങി നിരവധി പേര്‍ ഉള്ളാള്‍ തങ്ങളുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു

തങ്ങളവര്‍കളുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് എട്ടിക്കുളത്തെ വസതിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രാത്രിയും പകലും വ്യത്യാസമില്ലാതെ അന്ത്യ ചടങ്ങുകള്‍ നടക്കുമ്പോഴും അത് തുടര്‍ന്നു. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.