Latest News

കരിവെള്ളൂര്‍ രാജന്റെ ശബ്ദത്തിന് രാഷ്ട്രീയമില്ല

തൃക്കരിപ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് ചൂടും ചൂരും നിറയുമ്പോള്‍ വോട്ടഭ്യര്‍ഥിച്ച് കേരളത്തിലെ നിരവധി മണ്ഡലങ്ങളില്‍ ഉയരുന്നത് കരിവെള്ളൂര്‍ രാജന്റെ ശബ്ദം. ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി പി കെ ബിജു, കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം കെ രാഘവന്‍, വടകരയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സജീവന്‍, കണ്ണൂരിലെ കെ സുധാകരന്‍, കാസര്‍കോട്ടെ പി കരുണാകരന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി പ്രചാരണ സി.ഡികള്‍ക്ക് ശബ്ദം പകരുന്നത് രാജനാണ്.

വ്യത്യസ്തമായ ശബ്ദവും ശൈലിയും കൊണ്ട് ശ്രദ്ധേയനായ രാജന്‍ കഴിഞ്ഞ 30 വര്‍ഷമായി അനൗണ്‍സ്‌മെന്റ് രംഗത്ത് സജീവസാന്നിധ്യമാണ്. സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതല്‍ ഇദ്ദേഹത്തിന്റെ തൃക്കരിപ്പൂരിലെ മുറാദ് സ്റ്റുഡിയോയില്‍ തിരഞ്ഞെടുപ്പിന്റെ ആരവമാണ്. സി.പി.ഐ. അനുഭാവിയാണെങ്കിലും ശബ്ദത്തില്‍ രാജന് രാഷ്ട്രീയഭേദമില്ല. ഓടുന്ന വാഹനത്തില്‍ പ്രചാരണത്തിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ കവലകള്‍ കേന്ദ്രീകരിച്ചുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരേ മണ്ഡലത്തില്‍നിന്ന് ഒന്നിലധികം പേര്‍ സമീപിച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്ക് മാത്രമാണ് സ്വന്തം ശബ്ദത്തില്‍ സി.ഡികള്‍ തയ്യാറാക്കി നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് ശിഷ്യരുടെ ശബ്ദത്തിലാണ് റിക്കാഡിങ്.
ജീവിത വൃത്തിക്കുവേണ്ടി ബീഡി കമ്പനിയിലെത്തിയ രാജന്‍ അവിടെനിന്നാംഭിച്ച സജീവമായ പത്രവായനയിലൂടെയായിരുന്നു പഴയ കരിവെള്ളൂര്‍ ലീന ടാക്കീസിലെ അനൗണ്‍സറായി ചാര്‍ജെടുത്തത്. പിന്നീട് തിരുഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത രാജന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കേരളത്തിലെ കാവുകളിലേയും ക്ഷേത്രങ്ങിളിലേയും കളിയാട്ടങ്ങളും ഉത്സവങ്ങളും ജനങ്ങളെ വിളിച്ചറിയിക്കുന്നുണ്ട്. ഉത്തര കേരളത്തിലെ കളിമുറ്റങ്ങളും നാളിതുവരെ രാജന്റെ ഘനഘാംഭീര്യ ശബ്ദത്തില്‍ ആവേശഭരിതരായിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങിളില്‍ നിന്നും


മലയാളിസമാജം പ്രവര്‍ത്തകര്‍ രാജന്റെ ശബ്ദം തേടി വരാറുണ്ട്. ഇത്തവണ ഇറ്റയിലില്‍ പോലും ഓണാഘോഷത്തിന് മുഴങ്ങിയത് കരിവെള്ളൂര്‍ രാജന്റെ ശബ്ദമാണ്. ഇറ്റലി മലയാളിസമാജം പ്രവര്‍ത്തകരാണ് ഇറ്റലിയും രാജന്റെ ശബ്ദമെത്തിച്ചത്. തൃക്കരിപ്പൂര്‍ മുറാദ് സ്റ്റുഡിയോയില്‍ മകന്‍ രശാന്ത് രാജും രാധാകൃഷ്ന്‍ നടക്കാവും രാജന്റെ ശബ്ദത്തിന് മാറ്റുകൂട്ടാന്‍ ഉണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.