Latest News

വീടും ആരോഗ്യവും അവകാശമാക്കും: കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ആരോഗ്യം. ഇതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം. ഇതടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്ത പ്രകടനപത്രിക പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുറത്തിറക്കി.

വീടിനും ആരോഗ്യത്തിനും പുറമെ, എല്ലാ വിഭാഗക്കാര്‍ക്കും പെന്‍ഷന്‍ , മാന്യമായ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ , വ്യവസായ സംരഭകത്വം എന്നിവയും ജനങ്ങളുടെ അവകാശമാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും അവകാശങ്ങളാക്കിയതിന്റെ തുടര്‍ച്ച തന്നെയായിരിക്കും ഇതെന്നും പ്രകടനപത്രികയില്‍ പറയുന്നു. പത്ത് കോടി യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി അവര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരവും നല്‍കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തും.

ആരോഗ്യം അവകാശമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ വിഹിതം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ഉയര്‍ത്തും. ഇന്ദിരാ ആവാസ് യോജനയും രാജീവ് ആവാസ് യോജനയുടെയും പ്രയോജനം ഗ്രാമീണ, നഗര പ്രദേശങ്ങളിലെ കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കും.

സാമ്പത്തിക രംഗത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കും. ആഗോളതലത്തില്‍ ഇന്ത്യയെ കൂഴുതല്‍ മത്സരസജ്ജവും നിക്ഷേപസൗഹൃദവുമായ രാജ്യമാക്കിമാറ്റും. ആഗോള സാമ്പത്തിക സ്ഥിതി പ്രതികൂലമാണെങ്കിലും പണപ്പെരുപ്പം തടയാന്‍ കര്‍ശനമായ നടപടി കൈക്കൊള്ളും. ഉത്പാദന മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികോത്പാദന രംഗത്തും വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ സംഭരണകേന്ദ്രങ്ങളും കോള്‍ഡ് സ്‌റ്റോറേജുകളും ആരംഭിക്കും. ചരക്കു സേവന നികുതിയുടെ ഘടന മാറ്റും.

വിദ്യാഭ്യാസരംഗത്ത് ഗുണപരമായ വളര്‍ച്ച ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാനിനും പകരം ശ്രേഷ്ഠ ശിക്ഷാ അഭിയാനായിരിക്കും ഊന്നല്‍ നല്‍കുക. വര്‍ഗീയ ലഹള തടയുന്നതിന് ലക്ഷ്യമിടുന്ന ബില്‍ പാസാക്കാന്‍ ശ്രമിക്കും. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷയ്ക്കും മാന്യതയ്ക്കും അങ്ങേയറ്റത്തെ പരിഗണന നല്‍കും. ഇതിനുവേണ്ടി വനിതാ സംവരണ ബില്‍ പാസാക്കാന്‍ ശ്രമിക്കും. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിയായി പ്രത്യേക ബില്‍ കൊണ്ടുവരും.

സൈന്യത്തിന്റെ ആധുനികവത്കരണം ത്വരിതപ്പെടുത്തും. സൈന്യത്തിന് കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ വാ്ങ്ങുകയും ഇടപാടുകള്‍ സുതാര്യമാക്കുകയും ചെയ്യും-പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.