Latest News

ആസിഡ് ആക്രമണത്തിന് ഇരയായശേഷം അതിനെതിരെ പോരാടിയ ഇന്ത്യക്കാരിക്ക് യു എസ്‌ പുരസ്‌കാരം

വാഷിങ്ടണ്‍ : ആസിഡ് ആക്രമണത്തിന് ഇരയായശേഷം അതിനെതിരെ പോരാടിയ ഇന്ത്യക്കാരിക്ക് അമേരിക്കന്‍ പുരസ്‌കാരം. 
അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ധീരതയ്ക്കുളള അന്താരാഷ്ട്ര വനിതാ പുരസ്‌കാരം (ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്) ലക്ഷ്മിയെന്ന പെണ്‍കുട്ടിക്കാണ് ലഭിക്കുക. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമവനിത മിഷേല്‍ ഒബാമ ലക്ഷ്മിക്ക് അവാര്‍ഡ് സമ്മാനിക്കും.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 2005ല്‍ പതിനാറാം വയസ്സില്‍ ന്യൂഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ലക്ഷ്മിക്കുനേരേ ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തിന്റെ സഹോദരന്റെ ആക്രമണത്തില്‍ ലക്ഷ്മിയുടെ മുഖം പൂര്‍ണമായും പൊള്ളിവികൃതമായി.

ആരെയും തകര്‍ത്തുകളയുന്ന ദുരന്തത്തെ സമചിത്തതയോടെ നേരിട്ട ലക്ഷ്മി പിന്നീടു തന്റെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരകള്‍ക്ക് വേണ്ടി നീക്കിവെക്കുകയായിരുന്നു.

വൈരൂപ്യം വകവെക്കാതെ മുന്നോട്ടുപോയ ലക്ഷ്മി, ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി. ആസിഡ് വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് 27,000 പേരുടെ ഒപ്പു ശേഖരിച്ചു.
പ്രശ്‌നം സുപ്രീം കോടതിയിലും പാര്‍ലമെന്റിലും കൊണ്ടുവന്നു നിയമനിര്‍മാണത്തിനു വഴിയൊരുക്കി. ചാനലുകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു ആസിഡ് അക്രമണത്തിനെതിരെ ബോധവല്‍ക്കരണം നടത്തി. ഇതിനെല്ലാമുള്ള അംഗീകാരമാണ് ഇപ്പോഴത്തെ പുരസ്‌കാരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Acid-Attack, America, Award.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.