Latest News

തിരഞ്ഞെടുപ്പ് ഒന്പതുഘട്ടമായി,​ കേരളത്തിൽ ഏപ്രിൽ 10ന്

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലേയ്ക്കും മൂന്ന് നിയമസഭകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെയാണ് തിരഞ്ഞെടുപ്പ്.

കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 16ന് നടക്കും. മെയ് 31നകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പാണ് ഇത്തവണത്തേത്. മാതൃകാ പെരുമാറ്റച്ചട്ടം ബുധനാഴ്ച നിലവില്‍ വന്നു.

ഏപ്രില്‍ ഏഴിന് നടക്കുന്ന ആദ്യഘട്ടത്തില്‍ അസമിലെ അഞ്ചും ത്രിപുരയിലെ ഒരു സീറ്റും അടക്കം ആറു സീറ്റിലേയ്ക്കും ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റിലേയ്ക്കും പത്തിന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ പതിനാല് സംസ്ഥാനങ്ങളിലെ 92 സീറ്റിലേയ്ക്കും പന്ത്രണ്ടിന് നടക്കുന്ന നാലാം ഘട്ടത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് സീറ്റുകളിലേയ്ക്കും പതിനേഴിന് നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 122 സീറ്റുകളിലേയ്ക്കും 24ന് നടക്കുന്ന ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 സീറ്റുകളിലേയ്ക്കും 30ന് നടക്കുന്ന ഏഴാം ഘട്ടത്തില്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേയ്ക്കും മെയ് ഏഴിന് നടക്കുന്ന എട്ടാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 34 സീറ്റുകളിലേയ്ക്കും മെയ് 12ന് നടക്കുന്ന അവസാനഘട്ടത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കും.

ലോക്‌സഭയിലേയ്ക്കുള്ള 543 സീറ്റുകള്‍ക്ക് പുറമെ ഒഡീഷ, ആന്ധ്ര, സിക്കിം സംസ്ഥാന നിയമസഭകളിലേയ്ക്കും രണ്ട് നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും.

81.4 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 2009നേക്കാള്‍ പത്ത് കോടി വോട്ടര്‍മാരാണ് ഇക്കുറി കൂടുതലായുള്ളത്. 9.30 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്.

വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്താണ് തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ എച്ച് എസ്. ബ്രഹ്മ, ഡോ. നസിം സെയ്ദി എന്നിവരും സംബന്ധിച്ചു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പുതിയതായി വോട്ട് ചേര്‍ക്കാനും നിലവിലെ വോട്ടര്‍പട്ടികയിലെ അപാകം പരിഹരിക്കാനുമായി എല്ലാ പോളിങ് സ്‌റ്റേഷനുളകിലും മാര്‍ച്ച് ഒന്‍പതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇത്തവണ എല്ലാ വീടുകളിലും ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Election , Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.