Latest News

ഫയല്‍ക്കെട്ടുകളുമായി വീട്ടില്‍വരുന്ന ആ സ്ത്രീയെ സൂക്ഷിക്കണം

കണ്ണൂര്‍: ഏകദേശം അമ്പതിനോടടുത്തു പ്രായം. കറുത്തുതടിച്ച പ്രകൃതി. ചുരുള്‍മുടി. കണ്ണട ധരിച്ചിട്ടുണ്ട്. കൈയില്‍ നികുതിശീട്ടും മറ്റുമുള്‍പ്പെടുന്ന ഫയല്‍.

പാവപ്പെട്ടവര്‍ താമസിക്കുന്ന വീടുകളിലെത്തി വീടുനിര്‍മാണത്തിന് സര്‍ക്കാര്‍ഫണ്ട് അനുവദിച്ചതായി പറയും. അനുവദിച്ച ഫണ്ടിന്റെ പത്തു ശതമാനം ഉടനടയ്ക്കണം. അതിന് രശീതി നല്‍കും. നികുതിശീട്ടില്‍ വിവരങ്ങളെഴുതും. ഫണ്ട് വാങ്ങാന്‍ താലൂേക്കാഫീസിലെത്തേണ്ട തീയതിയും കൊടുക്കും. പാവപ്പെട്ട വീട്ടുടമ തുകവാങ്ങാന്‍ താലൂേക്കാഫീസിലെത്തുമ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാവുക.

വെള്ളിയാഴ്ച പകല്‍ ചെറുതാഴം 'മൈമൂനാ മന്‍സിലി'ല്‍ മൈമൂന എന്ന സ്ത്രീ തന്റെ വീടുനിര്‍മാണത്തിനായനുവദിച്ച 95,000 രൂപ വാങ്ങാനാണ് കണ്ണൂര്‍ താലൂേക്കാഫീസിലെത്തിയത്. കൈയില്‍ പൊതുമേഖലാബാങ്കിന്റെ സ്ലിപ്പ്, താലൂക്കിലേക്ക് 9500 രൂപ അടച്ച രശീതി, നികുതിശീട്ടില്‍ ഫണ്ടനുവദിച്ചുകൊണ്ട് എഴുതിയ കുറിപ്പും ഒപ്പും. അടുത്തദിവസങ്ങളിലായി രണ്ടാമത്തെയാളാണ് ഇങ്ങനെ താലൂേക്കാഫീസിലെത്തുന്നത്. തങ്ങളാര്‍ക്കും ഫണ്ടനുവദിച്ചിട്ടില്ലെന്നും നിങ്ങളെയാരോ കബളിപ്പിച്ചതാണെന്നും താലൂേക്കാഫീസില്‍നിന്നു പറഞ്ഞപ്പോഴാണ് ആ സ്ത്രീക്ക് തട്ടിപ്പു മനസ്സിലായത്.

നേരത്തേ കുഞ്ഞിമംഗലം വില്ലേജില്‍പ്പെട്ട എണ്‍പതുകാരനാണ് ഇതേ സ്ത്രീയുടെ തട്ടിപ്പിനിരയായി ഫണ്ടു വാങ്ങാന്‍ താലൂേക്കാഫീസിലെത്തിയത്. മറ്റു താലൂേക്കാഫീസുകളിലും സമാനമായ തട്ടിപ്പിനിരയായവരെത്തിയതായറിയുന്നു. നാണക്കേടു കാരണം ആരും പോലീസില്‍ പരാതിയും നല്‍കിയിട്ടില്ല.

വീടുനിര്‍മാണത്തിന് കൂലികൊടുക്കാനായി സ്വര്‍ണം പണയംവെച്ച 11,000 രൂപയില്‍നിന്നാണ് മൈമൂന 9500 രൂപ തട്ടിപ്പുകാരിക്കു നല്‍കിയത്. താലൂേക്കാഫീസില്‍നിന്നാണു വരുന്നതെന്നു പറഞ്ഞ് വന്നയുടനെ റേഷന്‍ കാര്‍ഡ് ചോദിച്ച് അതിലെന്തോ എഴുതി, നിങ്ങള്‍ക്കു വീട്ടുനിര്‍മാണത്തിനായി 95,000 രൂപയനുവദിച്ചതായി സ്ത്രീ പറഞ്ഞു. ഫണ്ടിന് അപേക്ഷിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് അപേക്ഷിക്കാതെതന്നെ പണം സര്‍ക്കാര്‍ കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നു സൂചിപ്പിച്ചു. പണം വാങ്ങി രശീതിയും കൊടുത്തു. നികുതിശീട്ടില്‍ വിവരങ്ങളെഴുതുകയും ചെയ്തു.

തീര്‍ത്തും കഷ്ടപ്പാടിലാണ് മൈമൂനയുടെ കുടുംബം. ഒരു മകന്‍ നടക്കാന്‍ സ്വാധീനമില്ലാതെ കിടപ്പിലാണ്. തട്ടിപ്പുകാരിയെ കണ്ടെത്തി എങ്ങനെയെങ്കിലും പണം വാങ്ങിത്തരണമെന്നാണ് മൈമൂനയുടെ അപേക്ഷ.വടകരയിലാണു വീടെന്നാണ് തട്ടിപ്പുകാരി പറഞ്ഞത്. ഭാഷയിലും ചെറിയ മാറ്റമുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലും ബി.പി.എല്‍. വിഭാഗക്കാരുടെ വീടുകളിലെത്തി സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായറിയുന്നു. ചില സ്ഥലത്ത് ഭവനനിര്‍മാണഫണ്ടാണെങ്കില്‍ മറ്റുചില സ്ഥലത്ത് വീട്ടുനികുതിയും ഭൂനികുതിയുമാണ് ഈടാക്കുന്നത്. എത്രയും പെട്ടെന്ന് പോലീസില്‍ പരാതി നല്‍കാന്‍ വില്ലേജധികൃതര്‍ പറഞ്ഞിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.