ബദിയടുക്ക: വികസനത്തില്‍ ഏറെ പിന്നിലുള്ള കാസര്‍കോട് ജില്ലയുടെ പുരോഗതിക്ക് കെ.സുരേന്ദ്രന്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബദിയടുക്കയില്‍ കെ.സുരേന്ദ്രന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന പാര്‍ട്ടികളുടെ പ്രതിനിധിയെ തെരഞ്ഞെടുത്തതുകൊണ്ട് പ്രയോജനമില്ല. ബിജെപി കേന്ദ്രത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കേണ്ടത് കെ.സുരേന്ദ്രനായിരിക്കണം. അറുപത് വര്‍ഷങ്ങള്‍കൊണ്ട് ഇരുമുന്നണികള്‍ക്കും കൊണ്ടുവരാന്‍ കഴിയാത്ത വികസനം അറുപത് മാസംകൊണ്ട് യാഥാര്‍ത്ഥ്യമാകും. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പു രാഷ്ട്രീയവും അഴിമതിയും തുറന്നു കാട്ടിയ ധീരനായ പോരാളിയാണ് കെ.സുരേന്ദ്രനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ കുറയുന്തോറും കോണ്‍ഗ്രസിന്റെ ശക്തിയും കുറയുകയാണ്. മുന്‍നിര നേതാക്കളും ഘടകകക്ഷികളും വിട്ടുപോകുന്നു. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മത്സരിക്കാന്‍ ഭയമാണ്. മറുവശത്ത് ബിജെപി അനുദിനം കരുത്താര്‍ജിക്കുന്നു. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയിലേക്ക് വരുന്നു. പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നു. ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങളെ അണിനിരത്താനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം ഇനി വിലപ്പോവില്ല. നിരവധി മുസ്ലീം നേതാക്കള്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
മോദിയില്‍ മാത്രമാണ് പ്രതീക്ഷയെന്ന് ജമ്മുകാശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി അടുത്തിടെ വ്യക്തമാക്കിയിരുന്നു. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളും മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹേഷ് നെടുഗള അധ്യക്ഷത വഹിച്ചു.
ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ വൈസ് പ്രസിഡണ്ട് ഐത്തപ്പ ഷെട്ടി, ജില്ലാ സെക്രട്ടറി എസ്.കുമാര്‍, മണ്ഡലം പ്രസിഡണ്ട് എം.സുധാമ, എസ്‌സി,എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. ഹാരിഷ് നാരംപാടി സ്വാഗതവും മഹേഷ് വളക്കുഞ്ച നന്ദിയും പറഞ്ഞു.



No comments:
Post a Comment