കാസര്‍കോട്: വിരിഞ്ഞ താമര നല്‍കിയാണ് നട്ടുച്ചവെയിലിലും കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ സ്വീകരിച്ചത്. യുവാവേശമുയര്ത്തി കാസര്‍കോട് ഗവ.കോളേജിലെത്തിയ സുരേന്ദ്രന് വിദ്യാര്‍ത്ഥികള്‍ നല്കിയ സ്വീകരണവും ആവേശോജ്വലമായി.
ഉച്ചയ്ക്ക് ഒന്നരയോടെ ക്യാമ്പസിലെത്തിയ സുരേന്ദ്രനെ യുവവോട്ടര്‍മാര്‍ 'വളഞ്ഞു'. പരിചയപ്പെടാനും ഫോട്ടോയെടുക്കാനും തിരക്ക്. എല്ലാവരേയും തൃപ്തിപ്പെടുത്തി സുരേന്ദ്രനും. തുടര്‍ന്ന് അധ്യാപകരേയും ജീവനക്കാരേയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥന. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീനാഥുമായി അല്‍പ്പനേരം സംസാരം. ക്ലാസുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ഓരോ ക്ലാസുകള്‍ കയറിയിറങ്ങുമ്പോഴും സുരേന്ദ്രനുചുറ്റിലും വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവന്നു.
ഇത്തവണ വോട്ട് ആര്‍ക്കെന്ന ചോദ്യത്തിന് മോദിക്കെന്ന് വിദ്യാര്‍ത്ഥികളുടെ മറുപടി. സുവോളജി ഡിപ്പാര്ട്ടുമെന്റില് മധുരം നല്കി അധ്യാപകര്‍ സ്വീകരിച്ചു. കാസര്‍കോട് ഇത്തവണ ബിജെപിക്ക് തന്നെയെന്ന് അധ്യാപകരുടെ ഉറപ്പ്. മുഴുവന്‍ ക്ലാസുകളിലും ഡിപ്പാര്‍ട്ടുമെന്റുകളിലും നേരിട്ടെത്തി വോട്ടര്‍മാരെ കാണാന്‍ സുരേന്ദ്രന് സമയം ചെലവഴിച്ചു.
യുവവോട്ടര്മാരുമായി ഒരു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വിദ്യാര്‍ത്ഥികളായ പ്രദീഷ്, പ്രകാശ്, ശ്രീനാഥ്, രക്ഷിത, സൗമ്യ, സ്വാതി എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment