Latest News

മൂന്നാറില്‍ ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയ ഡല്‍ഹി സ്വദേശി മുങ്ങി

തൊടുപുഴ: അന്വേഷണ സംഘങ്ങളുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ ഒളിവില്‍ കഴിയാന്‍ ഇന്ത്യന്‍ മുജാഹിദിന്‍ ഭീകരരെ സഹായിച്ച ഡല്‍ഹി സ്വദേശി മുങ്ങി. അതീവ രഹസ്യ സ്വഭാവമുള്ള കേസായതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ബോംബു നിര്‍മാണ വിദഗ്ധനായ പാക്ക് ഭീകരന്‍ വഖാസിനും ഇന്ത്യന്‍ മുജാഹിദിന്‍ സംഘാംഗം അക്തറിനും മൂന്നാറിലെ വാടക വീട്ടില്‍ മൂന്നു മാസത്തോളം ഒളിവില്‍ കഴിയാന്‍ ഇയാളാണ് സൗകര്യമൊരുക്കിയതെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തോളമായി ഇയാള്‍ മൂന്നാറിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാറിലെ രണ്ടു ലോഡ്ജുകളിലും ഒരു വാടക വീട്ടിലും ഭീകര്‍ക്ക് ഒളിവില്‍ കഴിയാന്‍ ഇയാള്‍ സൗകര്യം ഒരുക്കിയതായി പോലീസ് കരുതുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പാക്ക് ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാലു ഭീകരര്‍ രാജസ്ഥാനില്‍ പിടിയിലായിരുന്നു. വഖാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നാറിലും ക്യാമ്പ് ചെയ്തിട്ടുള്ള വിവരം പുറത്തു വന്നത്.

ഇതോടെയാണ് ഡല്‍ഹി സ്വദേശിയായ സഹായി മൂന്നാര്‍ വിട്ടതെന്നു പോലീസ് ഇന്റലിജന്‍സ് വിഭാഗം കരുതുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കാണ് ഇയാള്‍ കടന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

തീവ്രവാദികള്‍ ഇടുക്കി ഒളിത്താവളമാക്കുന്നത് ആദ്യ സംഭവമല്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തോയ്ബ ഏജന്റുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. 2009ല്‍ ഇന്റലിജന്‍സ് വിഭാഗം മൂന്നാറിലെ ഒരു ഹോട്ടലില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിരുന്നു.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Naxalite, Moonar.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.