Latest News

നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷയെഴുതും

തിരുവനന്തപുരം: നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. ആദ്യദിവസം ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് പരീക്ഷ നടക്കും. ഉച്ചയ്ക്ക് 1.45 നാണ് എല്ലാ ദിവസവും പരീക്ഷ തുടങ്ങുക.

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും വെള്ളിയാഴ്ച പരീക്ഷ ഇല്ല. പകരം ശനിയാഴ്ച പരീക്ഷ നടക്കും. ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതുന്നതിന് വിവിധ സ്ഥലങ്ങളിലായി 11 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

22 ന് പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഐ.ടി പരീക്ഷ (പഴയ സ്‌കീം) മാത്രമാണുള്ളത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ ഐ.ടിക്ക് എഴുത്തുപരീക്ഷ ഇല്ല. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷ എഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഴയ സിലബസിലും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ.

ഉത്തരപേപ്പറിന്റെ മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റുകളിലും പരീക്ഷാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതണം. മൂന്നാമത്തെ ലോങ് ബെല്‍ മുതല്‍ അവസാനത്തെ ലോങ് ബെല്‍ വരെയാണ് പരീക്ഷ എഴുതാനുള്ള സമയം. പരീക്ഷാ ഹാളില്‍ കുടിവെള്ള വിതരണം പാടില്ല. ലേബലില്ലാത്ത കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ട്. വിദ്യാര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ല.

22 വരെ നീളുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ 2798 കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫ് മേഖലയില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 2,36,351 ആണ്‍കുട്ടികളും 2,27,956 പെണ്‍കുട്ടികളുമടക്കം 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 4,63,070 പേര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതും. ലക്ഷദ്വീപില്‍ നിന്ന് 824 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ നിന്ന് 416 വിദ്യാര്‍ത്ഥികളുമാണുള്ളത്.

1721 കുട്ടികള്‍ പരീക്ഷയെഴുതുന്ന പട്ടം സെന്‍റ് മേരീസ് ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍. ടി.ടി.സി, ടി.എച്ച്.എസ്.എല്‍.സി. തുടങ്ങിയ പരീക്ഷകളും തിങ്കളാഴ്ച ആരംഭിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, SSLC Examination, Monday

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.