കൊണ്ടോട്ടി: സംസ്ഥാനത്തിനു അനുവദിച്ച ഹജ്ജ് ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തു വിട്ടു. കേരളത്തിന് ഈ വര്‍ഷം ലഭിച്ച ക്വാട്ട 6054. യഥാര്‍ഥ ക്വാട്ടയായ 5349നു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന സീറ്റുകള്‍ വിഭജിച്ചപ്പോള്‍ ലഭിച്ച 705 സീറ്റുകള്‍ ഉള്‍പ്പടെയാണ് ക്വാട്ട 6054 ആയി നിജപ്പെടുത്തിയത്.
കേരളത്തിന് ലഭിച്ച ക്വാട്ട തീരെ അപര്യാപ്തമായതോടെ റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും ഹജ്ജിന് അവസരം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. റിസര്‍വ് കാറ്റഗറിയില്‍ 70 വയസ്സ് പൂര്‍ത്തിയായ വിഭാഗത്തില്‍ പെട്ടവര്‍ 2209 പേരും തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍ 7696 പേരുമാണ്.
കേരളത്തിനു ലഭിച്ച ക്വാട്ട റിസര്‍വ് ക്വാട്ടയിലുള്ളവര്‍ക്ക് പോലും തികയാതെ വന്നതിനാല്‍ 70 വയസ്സ് പൂ ര്‍ത്തിയായവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ബാക്കി വരുന്ന സീറ്റുകളിലേക്ക് റിസര്‍വ് ബി വിഭാഗത്തില്‍ (തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍) നിന്നുള്ളവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തും.
വിദേശ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടയി ല്‍ 20 ശതമാനം സഊദി സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് ക്വാട്ട കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 20 ശതമാനം കുറവ് സ്വകാര്യ സംഘങ്ങളില്‍ നിന്നാക്കിയതിനാല്‍ ഹജ്ജ് കമ്മിറ്റി മുഖേന കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നു.
ഈ വര്‍ഷം കുറവ് ഹജ്ജ് കമ്മിറ്റി, സ്വകാര്യ സംഘം എന്ന് വേര്‍തിരിവില്ലാതായതോടെ ക്വാട്ട കുറവ് ഹജ്ജ് കമിറ്റികളെയും ബാധിച്ചിരിക്കയാണ്.
കേരളത്തില്‍ ഈ വര്‍ഷം 56130 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. ക്വാട്ട പ്രകാരം അവസരം ലഭിക്കുന്നവര്‍ക്ക് പുറമെ മറ്റ് അപേക്ഷകരെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലായിരിക്കും ഉള്‍പ്പെടുക. കേരളത്തിന്റെ ഹജ്ജ് നറുക്കെടുപ്പ് ഈ മാസം 19ന് നടക്കും.
No comments:
Post a Comment