Latest News

കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ എവിടേക്കും പോയിട്ടില്ലെന്നും അതേസമയം സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തങ്ങളിലേക്ക് വലിയതോതില്‍ ചോര്‍ന്നിട്ടുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.
സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുചോര്‍ച്ചയുടെ പേരില്‍ വെറുതെ ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

തിരുവനന്തപുരം സീറ്റില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വിജയിക്കും. മറ്റ് മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വോട്ടില്‍ ഇത്തവണ ഗണ്യമായ വര്‍ധന ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേര്‍ന്ന മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്റുതലം വരെയുള്ള പാര്‍ട്ടി ഘടകങ്ങളുടെ യോഗം ഒരുതവണകൂടി ചേര്‍ന്നശേഷം മെയ് ആദ്യവാരം സംസ്ഥാനതലത്തില്‍ അവലോകനയോഗം നടത്തും.

ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പ്രകടനം സംബന്ധിച്ച് അന്തിമവിലയിരുത്തല്‍ ആ യോഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ കേരളത്തില്‍ നടത്തുന്ന ഒത്തുകളിയിലുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു പകരം െവയ്ക്കാവുന്ന ഏക പാര്‍ട്ടി ബി.ജെ.പിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം ദേശീയതലത്തില്‍ സി.പി.എം-കോണ്‍ഗ്രസ് ധാരണ ഉണ്ടാകുമെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ നല്‍കിയിരുന്നു. ഇതും ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ വരാന്‍ കാരണമായെന്നും മുരളീധരന്‍ പറഞ്ഞു.
2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആറു ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ ഇതില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. ന്യൂനപക്ഷ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ അധികം ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായതായി സൂചനയില്ല.

തിരുവനന്തപുരത്ത് ബി.ജെ.പിക്ക് എന്‍.എസ്. എസിന്റെയും എസ്.എന്‍.ഡി.പി. യോഗത്തിന്റെയും പിന്തുണ ലഭിച്ചുവോയെന്ന ചോദ്യത്തിന് ഈ തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളോടും പിന്തുണ അഭ്യര്‍ഥിച്ചിരുന്നുവെന്നും നായര്‍, ഈഴവ സമുദായാംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.

തിരുവനന്തപുരത്തുനിന്നും ജയിച്ചാല്‍ ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയാകുമെന്നും മുരളീധരന്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.