Latest News

മാനഭംഗശ്രമത്തിനിടയില്‍ വീട്ടമ്മയെ ആറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച 18കാരന്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: മാനഭംഗത്തിനിടെയുള്ള മല്‍പ്പിടിത്തത്തിനൊടുവില്‍ വീട്ടമ്മയെ ആറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പതിനെട്ടുകാരന്‍ പിടിയിലായി. വാമനപുരം കുറ്ററ പുത്തന്‍വിള വീട്ടില്‍ അന്‍വര്‍ ഷാ ആണ് പിടിയിലായത്. സംഭവശേഷം പെരുമാതുറയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അന്‍വറിനെ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മൂന്ന് മൊബൈല്‍ ഫോണുണ്ടായിരുന്നു. ഇതില്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്‍ സ്വിച്ച് ഓഫാക്കിയിരുന്നു. മറ്റ് ഫോണുകളില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചതിനെ പിന്തുടര്‍ന്നെത്തിയാണ് പൊലീസിന് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ വാമനപുരം നദിയിലെ കുറ്ററ കടവിലായിരുന്നു നാല്പതുകാരിയായ വീട്ടമ്മയെ അന്‍വര്‍ കടന്നുപിടിച്ചത്. ഇവര്‍ വരുന്നതും കാത്ത് പൊന്തക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു അന്‍വറും കൂട്ടുകാരനും. കടവിന്റെ മറുകരയിലെത്തിയപ്പോള്‍ പൊന്തക്കാടില്‍ നിന്ന് ഇവര്‍ വീട്ടമ്മയുടെ മേല്‍ ചാടിവീണു. പിടിവലിയ്ക്കിടെ ആറ്റില്‍ വീണുപോയ വീട്ടമ്മയെ അവിടെ വച്ച് മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. മരിച്ചെന്ന് കരുതി കരയില്‍ കൊണ്ടിട്ട് മാനഭംഗത്തിനൊരുങ്ങി. ഇതിനിടെ ബോധം തിരിച്ചുകിട്ടിയ സ്ത്രീ നിലവിളിച്ചതോടെ കല്ലെടുത്ത് തലയ്ക്കിടിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടാണ് അന്‍വറും കൂട്ടാളിയും ഓടിമറഞ്ഞത്. അവശയായ വീട്ടമ്മയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ചെറുപ്പത്തിലേ തലതിരിഞ്ഞ ചെറുക്കന്‍
ചെറുപ്പം മുതലേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന അന്‍വറിനെക്കുറിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പേടിയാണ്. എട്ടാം ക്ലാസുവരെ വടുതലയിലെ യത്തീംഖാനയിലാണ് വളര്‍ന്നതും പഠിച്ചതും. അവിടെ കുഴപ്പം കാണിച്ചതോടെ പുറത്തായി വാമനപുരത്തെ യത്തീംഖാനയിലെത്തി. ഒരു വര്‍ഷം കഴിഞ്ഞ് അവിടെ നിന്നും മാറി കിളിമാനൂരിലെത്തി. അവിടെയും പഠനം തുടരാതെ വീട്ടിലേയ്ക്ക് മടങ്ങി.

രണ്ട് മാസം മുമ്പ് ഇവന്‍ ഇതേ വീട്ടമ്മയെ ശല്യം ചെയ്യാന്‍ തുനിഞ്ഞിരുന്നു. ഇക്കാര്യം ഇവര്‍ അന്‍വറിന്റെ വീട്ടില്‍ പോയി പറഞ്ഞു. ഇതിന്റെ ദേഷ്യവും ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പിടികൂടിയ അന്‍വര്‍ യാതൊരു കുറ്റബോധവും കൂസലും കൂടാതെയാണ് പൊലീസിനെ അഭിമുഖീകരിച്ചത്. ചോദ്യം ചെയ്യലിനോട് ഇയാള്‍ കാര്യമായി സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂട്ടാളിയുണ്ടോ എന്ന കാര്യത്തില്‍ ഒന്നും പറയുന്നില്ല.

അതേസമയം, ബോധം തെളിയാത്തതിനാല്‍ വീട്ടമ്മയില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസിനായിട്ടില്ല. അതിന് ശേഷമേ കൂട്ടാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് പൊലീസിന്റെ ഭാഷ.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Venharamood, Rape Attempt, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.