Latest News

സൂര്യനെല്ലികേസ് : ധര്‍മരാജന്റെ ശിക്ഷ കോടതി ശരിവച്ചു; 23 പ്രതികള്‍ക്ക് തടവ്‌

കൊച്ചി : ബാലവേശ്യയെന്നു പെണ്‍കുട്ടിയെ വിളിച്ച ജഡ്ജിക്കുള്ള മറുപടിയാണ് വിധിയെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ. ദൈവത്തിന്റെ കോടതിയില്‍ ഞങ്ങള്‍ക്കു നീതി കിട്ടിയിരിക്കു ന്നു. ജീവിതം തന്നെ നഷ്ടമായ ഒരു കുടുംബമാണ് ഞങ്ങളുടേത്. ഇതില്‍പരം അനുഭവിക്കാന്‍ ഒന്നുമില്ല.വെള്ളിയാഴ്ചയുണ്ടായ വിധിയനുസരിച്ച് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. മുന്‍പ് രണ്ടു തവണയും ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഒളിവില്‍പോവുകയായിരുന്നു.

ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ധര്‍മരാജനെ പിടികൂടാന്‍ പോലീസ് ആത്മാര്‍ഥത കാണിച്ചില്ല. ഇനിയെങ്കിലും ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു- സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. പെണ്‍കുട്ടിയും മാതാപിതാക്കളും കോട്ടയം നഗരത്തിലെ ഒരു ദേവാലയത്തില്‍ രാവിലെ മുതല്‍ പ്രാര്‍ഥനയിലാണ്. - പെണ്‍കുട്ടിയുടെ അമ്മ രാഷ്ട്രദീപികയോടു പറഞ്ഞു.

സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച സൂര്യനെല്ലിക്കേസില്‍ പ്രതി ധര്‍മരാജന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. ഇരയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി യാതൊരു ദാക്ഷ്യണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഏഴു പേരെ കോടതി വെറുതേ വിട്ടു. 24 പേരുടെ ശിക്ഷയാണ് ശരിവച്ചിരിക്കുന്നത്.

പ്രതികള്‍ക്ക് നാലു മുതല്‍ 13 വര്‍ഷം വരെയാണ് തടവ്. പ്രധാന പ്രതിയായ ധര്‍മരാജന് 10 വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം, ലൈംഗിക പീഡനം എന്നിവ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. കീഴ്‌ക്കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ അല്‍പം ഇളവോടെ ഹൈക്കോടതി ശരിവയ്ക്കുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതി രാജു, രണ്ടാം പ്രതി ഉഷ എന്നിവര്‍ക്ക് 10 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. പ്രതികളായ മേരി, വിലാസിനി എന്നിവരുള്‍പ്പടെ ഏഴു പേരെയാണ് വെറുതേ വിട്ടത്.

കേസില്‍ പെണ്‍കുട്ടിയുടെ ദാരുണ ദുരന്തത്തിനിരയാക്കിയവര്‍ക്കെതിരായി കടുത്ത നടപടി എടുക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മാസങ്ങളോളം നീണ്ട തുടര്‍ച്ചയായ വാദ-പ്രതിവാദങ്ങള്‍ക്കൊടുവിലാണു ജസ്റ്റീസുമാരായ കെ.ടി. ശങ്കരനും എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയുന്നത്. കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയില്ല.

ദിവസങ്ങളോളം നീണ്ട പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ ഇര നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് കരുതാനാകില്ല. ഇത്തരം കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായും വ്യക്തമായും ചൂണ്ടിക്കാട്ടാനാകില്ല. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് കുറ്റം നടന്നതെന്ന വാദം അംഗീകരിക്കാനില്ല. ധര്‍മരാജന്റെ കയ്യിലകപ്പെട്ട പെണ്‍കുട്ടി സ്വതന്ത്രയാണെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല. ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ബാലവേശ്യയായിരുന്നുവെന്ന വാദവും കോടതി തള്ളി. ഒരു സ്ത്രീയുടെ അഭിമാനത്തിലും അന്തസിലുമുള്ള കൈകടത്താലാണ് ബലാത്സംഗമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

പീഡനക്കേസ് പരിഗണിക്കുന്നതിനു സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച കോട്ടയത്തെ പ്രത്യേക കോടതി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷ വധിച്ചിരുന്നു. 40 പ്രതികള്‍ ഉള്‍പ്പെട്ടിരുന്ന കേസില്‍ 36 പ്രതികള്‍ക്കായിരുന്നു കോടതി ശിക്ഷ വിധിച്ചിരുന്നത്. 2000 സെപ്റ്റംബര്‍ രണ്ടിനാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. 13 വര്‍ഷം വരെയുള്ള തടവും പിഴയുമാണ് കേസിലെ പ്രധാന പ്രതികള്‍ക്കു വിധിച്ചിരുന്നത്.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച് 2005 ജനുവരി 20ന് ഹൈക്കോടതി 35 പ്രതികളെ വെറുതേ വിട്ടു ഉത്തരവായി. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇരയുടെ അനുവാദത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും കണ്ടെത്തിയായിരുന്നു ജസ്റ്റീസുമാരായ കെ.എ. ഗഫൂര്‍, ആര്‍. ബസന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രധാന പ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ ഹൈക്കോടതി കുറയ്ക്കുകയും ചെയ്തു.

പിന്നീട് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി 2013 ജനുവരി 31നു ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവു ഞെട്ടിപ്പിക്കുന്നതാണെന്നു വിലയിരുത്തിയ കോടതി കേസു വീണ്ടും പരിഗണിക്കണമെന്നും ഉത്തരവിട്ടു. ഡല്‍ഹി പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ പ്രത്യേക ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍വാദം കേള്‍ക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവു റദ്ദാക്കിയ അവസരത്തില്‍ കോട്ടയത്തെ പ്രത്യേക കോടതി നല്‍കിയ ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കവെ പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നും വിചാരണക്കോടതിയില്‍ കീഴടങ്ങുകയാണ് പ്രതികള്‍ ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല. നേരത്തെ വിചാരണ കാലത്തും അപ്പീല്‍ കാലയളവിലും ജാമ്യത്തിലായിരുന്ന പ്രതികളെ ഇപ്പോള്‍ സൂര്യനെല്ലിക്കേസ് തീര്‍പ്പാകും വരെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പിന്നീട് കോട്ടയത്തെ പ്രത്യേക കോടതി നല്‍കിയ ശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ 35 പ്രതികളുടെ അപ്പീലും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ അപ്പീലുകളുമാണ് ഹൈക്കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡിജിപി ടി. അസഫലിയാണ് കേസില്‍ ഹാജരായത്. കേസുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ സുപ്രീംകോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി റദ്ദാക്കിയ അവസരത്തില്‍ പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയതിനെതിരെ പെണ്‍കുട്ടി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു.

ഹര്‍ജിയില്‍ വാദം കേട്ട സിംഗിള്‍ ബെഞ്ച് സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യനെ ഒഴിവാക്കുന്നതിനു മുമ്പ് കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വാദം കൂടി കേള്‍ക്കേണ്ടതായിരുന്നുവെന്നും പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയ നടപടി ഇരയായ പെണ്‍കുട്ടിയുടെ അവകാശത്തെ ബാധിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ഇടുക്കി സൂര്യനെല്ലിയിലെ 16 വയസുള്ള വിദ്യാര്‍ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ടു പിതാവാണു പോലീസില്‍ പരാതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഇടുക്കി പുതുച്ചേരി രാജു പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളിലേയ്ക്കു യാത്ര ചെയ്തിരുന്ന ബസിലെ കിളിയായിരുന്നു രാജു. രാജുവിനോടൊപ്പം പോയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം യാത്രക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി കേസിലെ പ്രധാന പ്രതിയായ ധര്‍മ്മരാജന്റെ കൈകളിലെത്തുകയും 40 ദിവസത്തോളം പീഡിപ്പിക്കപ്പെടുകയുമായിരുന്നു. പിന്നീട് രോഗബാധിതയായ പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടിലേയ്ക്കു പറഞ്ഞയച്ചു. ഇതേ തുടര്‍ന്ന് പിതാവ് വീണ്ടും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soorya Nelli Case,High Court, order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.