Latest News

റിയാദില്‍ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു

റിയാദ്: തലസ്ഥാന നഗരിക്കു സമീപത്തെ ബദിയ എന്ന പ്രദേശത്ത് മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കണ്ണിത്തൊടി സ്വദേശി സെയ്തലവി(34) ആണ് സ്വദേശി യുവാവിന്റെ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സംഭവം.

ബദിയയിലുള്ള ബഖാലയില്‍ ജോലി ചെയ്യുന്ന സൈതവിയെ സിഗരറ്റ് ചോദിച്ചു വന്ന സ്വദേശി വാക്കുതര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പണം തരാതെ സിഗരറ്റ് നല്‍കില്ലെന്ന് അറിയിച്ചതില്‍ കുപിതനായ സ്വദേശി വീട്ടില്‍ ചെന്ന് കത്തിയെടുത്തുവന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഉച്ച സമയമായതിനാല്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനും മറ്റുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും ഈ സമയം തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി ആദ്യം രക്ഷതേടി കടയില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. പ്രധാന പാതയുടെ മധ്യത്തിലായി തളര്‍ന്നുവീണ ഇദ്ദേഹത്തെ സ്വദേശി വീണ്ടും നിരവധി തവണ ആക്രമിച്ചതായി പറയപ്പെടുന്നു. വഴിയരികില്‍ നിന്നിരുന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് മാറിനില്‍ക്കുകയായിരുന്നു. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് സ്വദേശി അക്രമത്തില്‍ നിന്നു പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപവാസിയായ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് സെയ്തലവി നാട്ടില്‍ പോയി വന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പിതാവ് യു.എ.ഇയില്‍ ജോലി ചെയ്യുകയാണ്. ബന്ധുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.