Latest News

തുളുനാട്ടില്‍ സുരേന്ദ്രന്റെ റോഡ്‌ഷോക്ക് ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: വിവിധ സാമൂദായിക സംഘടനകളുടെ പിന്തുണതേടിയുള്ള സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ റോഡ്‌ഷോയും പര്യടനവും തുളുനാട്ടില്‍ പുതുമയായി. രാവിലെ മഞ്ചേശ്വരത്തേക്കുള്ള യാത്രയ്ക്ക് മുമ്പ് ചന്ദ്രഗിരി ഗസ്റ്റ് ഹൗസില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച. ഗസ്റ്റ് ഹൗസിലെത്തിയ സുരേന്ദ്രന്‍ സുകുമാരന്‍ നായരുമൊന്നിച്ച് പ്രഭാതഭക്ഷണം. തുടര്‍ന്ന് അല്‍പനേരം ചര്‍ച്ച. 

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂര സിദ്ധാന്തമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നാളിതുവരെ എന്‍എസ്എസിന്റെ തിണ്ണനിരങ്ങി അധികാരത്തലെത്തിയവരെല്ലാം തിരിഞ്ഞുകുത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ചര്‍ച്ചക്കിടെ സൂചിപ്പിച്ചു. 

എന്‍എസ്എസ് കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍, ഡയരക്ടര്‍ ബോര്‍ഡംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍ വി.രാഘവന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട് എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍, തലശ്ശേരി യുണിയന്‍ പ്രസിഡണ്ട് ഉദയഭാനു, ബിജെപി ജില്ലാ പ്രസിഡണ്ട് സുരേഷ്‌കുമാര്‍ ഷെട്ടി, സംസ്ഥാന സമിതി അംഗം പി.രമേശ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
തുടര്‍ന്ന് ആരിക്കാല്‍ ശ്രീഭഗവതി ആലിചാമുണ്ഡി ക്ഷേത്രത്തിലെത്തി. ക്ഷേത്രം ഭാരവാഹികളായ അശോകന്‍, കമലാക്ഷന്‍, സുകുമാരന്‍, ജയന്‍ കൃഷ്ണനഗര്‍ എന്നിവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. തെയ്യത്തില്‍ നിന്ന് അനുഗ്രഹം വാങ്ങി പ്രാര്‍ത്ഥിച്ചു.
മഞ്ചേശ്വരം കണ്വതീര്‍ത്ഥ ക്ഷേത്രത്തിലേക്കാണ് പിന്നീടുള്ള യാത്ര. ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സന്യാസി സംഗമത്തിനെത്തിച്ചേര്‍ന്ന പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വേശ്വര തീര്‍ത്ഥ, മനില ശ്രീ മോഹന്‍ദാസ് സ്വാമിജി, കൊണ്ടേവൂര്‍ സ്വാമിജി യോഗാനന്ദ സരസ്വതി എന്നിവരെ നേരില്‍ കണ്ട് അനുഹ്രം വാങ്ങാനുള്ള ഭാഗ്യം സുരേന്ദ്രന് ലഭിച്ചു. അരിബയല്‍ ഗോപാലകൃഷ്ണ ഷെട്ടി, വിശ്വനാഥ ഷെട്ടി, കുസുമ ടീച്ചര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
തുഞ്ചത്തൂര്‍ ഉള്ളാളത്തി മൈസന്തായ ക്ഷേത്രത്തിലെത്തിയ സുരേന്ദ്രനെ ക്ഷേത്രം ഭാരവാഹികളായ സുരേഷ് കുമാര്‍ ഷെട്ടി, യോഗേഷ് കുച്ചിക്കാട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അടുത്തുതന്നെയുള്ള മഹാലിംഗേശ്വര ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു. അവിടെ നിന്നും അനന്തപുരം ശിവള്ളി ബ്രാഹ്മണ സഭയോഗത്തില്‍ സംബന്ധിച്ച് അവരുമായി സംഭാഷണം നടത്തി. 

പല സമുദായങ്ങള്‍ക്കും സംവരണം കിട്ടുമ്പോള്‍ ബ്രാഹ്മണ സഭയ്ക്ക് ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ ബ്രാഹ്മണ സഭ പരാതിപ്പെട്ടു. പൂജ, കൃഷി എന്നിവ ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, തുളുനാടിന്റെ തനത് കലാരൂപമായ യക്ഷഗാനം പ്രോത്സാഹിപ്പിക്കുക, തളുഭാഷ എട്ടാം ഷെഡ്യൂളില്‍ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങളില്‍ ബിജെപിക്ക് എന്തുചെയ്യാനാകുമെന്ന കാര്യവും ഇവര്‍ സുരേന്ദ്രനുമായി ചര്‍ച്ചചെയ്തു. 

പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ലഭിക്കാനാവശ്യമായത് ചെയ്യും. പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും സുരേന്ദ്രന്‍ ശിവള്ളി ബ്രാഹ്മണ സഭയ്ക്ക് ഉറപ്പു നല്‍കി.
കുമ്പള കോയിപ്പാടി കടപ്പുറത്തെ ആനന്ദ്, നാഗേഷ് എന്നിവരുടെ വിവാഹ വിരുന്ന് സല്‍ക്കാര ചടങ്ങിലേക്കായിരുന്നു അടുത്ത യാത്ര. വിരുന്നില്‍ സംബന്ധിച്ച ശേഷം. മുണ്ട്യത്തടുക്കത്ത് മറ്റൊരു വിരുന്ന് സല്‍ക്കാരം. 

തുടര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറിലെ അബൂബക്കറിന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മഞ്ചേശ്വരം മുതല്‍ ബന്ദിയോട് വരെ നാടിനെ ഇളക്കിമറിച്ചുകൊണ്ടുള്ള റോഡ്‌ഷോ. റോഡ്‌ഷോയില്‍ നൂറുകണക്കന് പ്രവര്‍ത്തകര്‍ അണിനിരന്നു. പിന്നീട് അമ്പിലടുക്കം ക്ഷേത്രത്തില്‍ തെയ്യം. തെയ്യത്തില്‍ നിന്നും അനുഹ്രഹം വാങ്ങി പെര്‍ളയിലെ പൊതുയോഗത്തിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി.രാധാകൃഷ്ണനായിരുന്നു മുഖ്യപ്രഭാഷകന്‍.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.