Latest News

മരുഭൂമിയുടെ കത്തുന്ന ചൂടില്‍നിന്ന് തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേക്ക് ; വിമാനം നിറയെ വോട്ടെത്തി

കൊണ്ടോട്ടി: ഒരു വോട്ട്, ഒരു വിമാനം, ഒറ്റ മനസ്സ്... മരുഭൂമിയുടെ കത്തുന്ന ചൂടില്‍നിന്ന് തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേക്ക് പറന്നിറങ്ങിയത് 145 പ്രവാസികള്‍. 10ന് പോളിങ് ബൂത്തിലെത്താന്‍ ദുബായില്‍നിന്ന് അവരെത്തിയത് പ്രത്യേക വിമാനത്തില്‍, ഒന്നിച്ച് ടിക്കറ്റെടുത്ത്.

തിരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി, യുഎഇയിലെ കെഎംസിസി, ഒഐസിസി സമിതികളാണ് നാട്ടിലേക്ക് കൂട്ടത്തോടെ വോട്ട് യാത്രയ്ക്ക് അവസരമൊരുക്കിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ 130 പുരുഷന്മാരും 15 സ്ത്രീകളുമാണ് തിങ്കളാഴ്ച രാത്രി ഏഴിന് കരിപ്പൂരിലെത്തിയത്.

യുപിഎ സര്‍ക്കാരാണ് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കിയതെന്നും യുപിഎയെ വീണ്ടും അധികാരത്തിലെത്തിക്കുക പ്രവാസികളുടെ ആവശ്യമാണെന്നും സംഘത്തോടൊപ്പമെത്തിയ യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ദുബായ് ഒഐസിസി സെക്രട്ടറി കണ്ണൂര്‍ സ്വദേശി ബാബു പീതാംബരന്‍, കെഎംസിസി ദുബായ് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ഉപദേശക സമിതി കണ്‍വീനര്‍ അന്‍വര്‍ അമീന്‍, വൈസ് പ്രസിഡന്റ് ആര്‍. ഹുസൈന്‍ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവാസി വോട്ടര്‍മാരെത്തിയത്. ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, ബപ്പന്‍കുട്ടി നടുവണ്ണൂര്‍ തുടങ്ങിയവരും ബന്ധുക്കളും നാട്ടുകാരും സ്വീകരിക്കാനെത്തി.

ആഘോഷനാളുകളില്‍ കുടുംബത്തോടൊപ്പം ചേരാനെത്തിയിരുന്നവര്‍, ആവേശവേളയിലേക്കാണ് തിങ്കളാഴ്ച നാടണഞ്ഞത്. മുറവിളിക്കൊടുവില്‍ ലഭിച്ച പ്രവാസി വോട്ടവകാശം വിനിയോഗിക്കാനുള്ള ബോണസ് വരവിലൂടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടിയതാകട്ടെ, മകനെയും ഭര്‍ത്താവിനെയും പിതാവിനെയും കൂട്ടുകാരനെയുമൊക്കെ വീണ്ടും കാണാനുള്ള സുവര്‍ണാവസരം. അവധി തിരഞ്ഞെടുപ്പുസമയത്തേക്കു മാറ്റിയാണ് ചിലര്‍ നാട്ടിലെത്തിയത്. മറ്റുചിലരാകട്ടെ പ്രത്യേക അവധിവാങ്ങിയും. തിങ്കളാഴ്ച കൂട്ടത്തോടെ എത്തിയതിനു പുറമേ കഴിഞ്ഞദിവസങ്ങളിലും വോട്ട് ചെയ്യാനായി പ്രവാസികള്‍ നാട്ടിലെത്തിയിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.