Latest News

ജന്മനാടിന്റെ സ്‌നേഹ സ്വീകരണം ഏററുവാങ്ങി കരുണാകരന്‍

കാഞ്ഞങ്ങാട്: ജന്മനാടായ കരിന്തളം ഗ്രാമത്തിലെത്തിയാല്‍ പി കരുണാകരന്‍ നാട്ടുകാരുടെ സ്വന്തം കരണേട്ടനാകും. രാഷ്ട്രീയത്തില്‍ ബാലപാഠം അഭ്യസിച്ച നാട്ടിലെത്തിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ ജനകൂട്ടത്തോട് അദ്ദേഹത്തിന് പറയാനുള്ളത്, തന്നെ വളര്‍ത്തിയ പ്രസ്ഥാനത്തിന്റെയും നാട്ടുകാരുടെയും നന്മകള്‍ തന്നെ. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തിയ പി കരുണാകരന്‍ കരിന്തളത്ത് ഓര്‍മിപ്പിച്ചതും ഇതുതന്നെ. 

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഒളിത്താവളം മാറിയുള്ള രാത്രി യാത്രക്കിടയില്‍ പാമ്പുകടിച്ചതും കൂടെയുണ്ടായിരുന്ന സഖാക്കള്‍ പാമ്പിനെ പിടികൂടി വിഷവൈദ്യനടുത്ത് എത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തിയതും പി കരുണാകരന്‍ വിവരിച്ചു. പുതിയ തലമുറക്ക് തങ്ങളുടെ പുര്‍വികര്‍ അനുഭവിച്ച ത്യാഗത്തെകുറിച്ചുള്ള പുതിയ അറിവായത്.
എല്‍ഡിഎഫ് വിജയം റെക്കോഡ് ഭൂരിപക്ഷത്തിലായിരിക്കുമെന്ന് വിളംബരം ചെയ്യുന്ന ജനകൂട്ടങ്ങളിലൂടെയുള്ള പര്യടനത്തില്‍ ഞായറാഴ്ച ആദ്യമെത്തിയത് കൂവാറ്റി ഇ എം എസ് ഭവന് മുന്നില്‍. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ 70 പിന്നിട്ട വെള്ളുങ്ങേട്ടനും നാരായണിയമ്മയും സ്വീകരിക്കാനെത്തി. കാലിച്ചാമരത്ത് കര്‍ഷക-കമ്യൂണിസറ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായിരുന്ന പരേതനായ കെ ചിണ്ടേട്ടന്‍ നാട്ടിലെത്തിയപ്പോള്‍ വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളുമായി ബഹുജനങ്ങള്‍ വരവേറ്റു. 

ബാനത്ത് നാടുമായുള്ള രാഷ്ട്രീയ ബന്ധം അയവിറക്കിയ പ്രസംഗം. തങ്ങളുടെ മക്കളെ സ്ഥാനാര്‍ഥിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കണമെന്ന് രക്ഷിതാകള്‍ക്ക് ആഗ്രഹം. പന്നിത്തടത്ത് തുടിതാളത്തിനൊപ്പം ചുവടുവെച്ച ആദിവാസി അമ്മമാര്‍ മംഗലം കളിയോടെയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ആദിവാസി മൂപ്പന്‍ സ്ഥാനാര്‍ഥിയുടെ തലയില്‍ സ്‌നേഹപുര്‍വം തൊപ്പിപാള അണിയിച്ചു. നട്ടുച്ചക്ക് ചിറങ്കടവില്‍ എത്തിയപ്പോള്‍ ബൈക്കുകളില്‍ ചൊങ്കൊടിയേന്തി നൂറുറോളം ചെറുപ്പക്കാര്‍ തുറന്ന വാഹനം സജ്ജീകരിച്ച് സ്ഥാനാര്‍ഥിയെ പാണത്തൂരിലേക്ക് ആനയിക്കാന്‍ കാത്തുനില്‍ക്കുന്നു. പി കരുണാകരനും നേതാക്കളും വാഹനത്തില്‍ കയറിതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിച്ചു. പാണത്തൂരിനെ ഇളക്കി മറിച്ചുള്ള പ്രയാണം കാണാനും വിജയാശംസകളര്‍പ്പിക്കാനും പാതയോത്ത് ജനങ്ങള്‍ തടിച്ചുകൂടി.
നെല്ലിക്കുന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ നെല്ലിക്കുന്നിലെ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകള്‍ ഷിബയുടെ വിവാഹമാണെന്നറിഞ്ഞ് പ്രവര്‍ത്തകര്‍ക്കൊപ്പം വധുഗൃഹത്തിലെത്തി നവദമ്പതികളെ ആശിര്‍വദിച്ചു. ചാമുണ്ടിക്കുന്നില്‍ തങ്ങളുടെ രക്ഷകനെപോലെ കാണുന്ന പി കരുണാകരനെ സ്വീകരിക്കാന്‍ മറാഠികള്‍ ഉള്‍പ്പെടെ നുറുകണക്കിനാളുകള്‍. മാലക്കല്ലില്‍ കടുത്ത ചൂടിന് ശമനമായി വേനല്‍ മഴ. ചുള്ളിക്കരയില്‍ കോടോം ലോക്കല്‍ റാലിയില്‍ സംസാരിച്ചു.
ഒടയഞ്ചാലില്‍ സപ്തതി പിന്നിട്ട കോണ്‍ഗ്രസിന്റെ സമുന്നതനേതാവ് എം കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടിലെത്തി. ലക്ക്. ഭൂരിപക്ഷം വര്‍ധിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥിയോട് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് പറയാനുള്ളത്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ കുഞ്ഞിരാമന്‍ നമ്പ്യാരെ ഉദുമയില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കി മത്സരിപ്പിച്ച് എംഎല്‍എയാക്കിയ രാഷ്ട്രീയചരിത്രം കൂടെയുള്ള എ കെ നാരായണന്‍ ഒപ്പമുണ്ടായിരുന്നവരോട് പങ്കുവെച്ചു.
കിഴക്കേ വെള്ളിക്കോത്ത് വേദിയുടെ തൊട്ടരികില്‍ വീല്‍ചെയറിലില്‍ എന്‍ഡോസള്‍ഫാന്‍ ഇര അരക്കുതാഴെ തളര്‍ന്ന രതീഷ്. തനിക്കു ലഭിച്ച മുല്ലപൂമാല രതീഷിന്റെ കഴുത്തിലണിയിച്ച് സ്ഥാനാര്‍ഥി കരം കവര്‍ന്നു. പിതാവ് നഷ്ടമായ രതീഷിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.
മടിക്കൈയിലെ ചുവന്നമണ്ണ് തകര്‍പ്പന്‍ വിജയമുറപ്പിച്ച് കിക്കാംകോട്ട്, കുണ്ടേന എന്നിവിടങ്ങളില്‍ നല്‍കിയത് ആവേശകരമായ സ്വീകരണം. എരിക്കുളത്താണ് പര്യടനം സമാപിച്ചത്.
വിവിധകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ എ കെ നാരായണന്‍, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എം വി ബാലകൃഷ്ണന്‍, കെ പി നാരായണന്‍, കെ വി കൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, ടി കെ രവി, ടി കോരന്‍, കെ കണ്ണന്‍ നായര്‍, സി പ്രഭാകരന്‍, എം വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം നാരായണന്‍,ടി ഹംസ, കെ എസ് കുര്യാക്കോസ്, അബ്ദുള്‍ഖാദര്‍, സുരേഷ്പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം പൊക്ലന്‍, ദിനേശന്‍ എന്നീവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.