Latest News

ഷംസീനയുടെ മരണം: 20 സഹപാഠികളെ പോലീസ് ചോദ്യം ചെയ്തു

ഉദുമ: സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അപവാദ പ്രചരണത്തിനിരയായതില്‍ മനംനൊന്ത് പാലക്കുന്ന് ആറാട്ടുകടവിലെ ഗ്രീന്‍വുഡ്‌സ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി ഉദുമ പാക്യാരയിലെ ഷംസീന(20) ആത്മഹത്യ ചെയ്ത കേസില്‍ ഷംസീനയുടെ ക്ലാസില്‍ പഠിക്കുന്ന ഇരുപത് വിദ്യാര്‍ത്ഥിനികളെ ബേക്കല്‍ അഡീഷണല്‍ എസ്‌ഐ ഇ വി സുധാകരനും സംഘവും വ്യാഴാഴ്ച വിശദമായി ചോദ്യം ചെയ്തു.

ക്ലാസില്‍ തൊട്ടടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ഫോണ്‍ കാണാതായ സംഭവത്തെ തുടര്‍ന്ന് ചിലര്‍ ഷംസീനക്കെതിരെ അപവാദം പരത്തിയിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം മാര്‍ച്ച് 19ന് വൈകിട്ട് പാക്യാര ബദരിയ നഗറിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിതൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഷംസീനയെ മംഗലാപുരം എ ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മാര്‍ച്ച് 28ന് വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. 

ഷംസീനയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയസാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. 

ഷംസീനയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കോളേജ് പ്രിന്‍സിപ്പാളിനെയും ഒരു അധ്യാപികയെയും മൂന്ന് വിദ്യാര്‍ത്ഥിനികളെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. വേനലവധിക്ക് കോളേജ് അടച്ചതിനാല്‍ മറ്റ് സഹപാഠികളെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. 

ഇതേ തുടര്‍ന്ന് സഹപാഠികളായ മറ്റ് വിദ്യാര്‍ത്ഥികളോട് കോളേജിലെത്താന്‍ പ്രിന്‍സിപ്പാള്‍ മുഖേന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച കോളേജിലെത്തിയ ഷംസീനയുടെ ഇരുപത് സഹപാഠികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. മൊബൈല്‍ കളവുപോയ സംഭവത്തില്‍ ഷംസീനയെ മാത്രമായി ആരും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും സഹപാഠികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

കാണാതായ ഫോണ്‍ കണ്ടെത്താന്‍ അന്ന് ക്ലാസിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപിക ഓഫീസ് റൂമിലേക്ക് വിളിച്ചു വരുത്തി വിശദമായി പരിശോധിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനികളുടെ മൊഴിയിലുണ്ട്.
വിശദമായ അന്വേഷണം തുടരുമെന്നും ഷംസീനയുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ എന്തുതന്നെയായാലും കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.