Latest News

കാസര്‍കോട് ബി.ജെ.പി.ക്ക് 43,000 വോട്ട് കൂടി; എല്‍.ഡിഎഫിന് 19,000 കുറഞ്ഞു

കാസര്‍കോട്: ഇടതുകോട്ടയെന്ന വിശേഷണം ചാര്‍ത്തപ്പെട്ട കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ ബി.ജെ.പി.ക്ക് കൂടിയത് 42,993 വോട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.ക്കുണ്ടായ വളര്‍ച്ച ഇടത്-വലത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

ഇത്രയും കാലത്തിനിടയില്‍ യു.ഡി.എഫിന് 22,526 വോട്ട് അധികമായി നേടി. 18,900 വോട്ട് കുറഞ്ഞതിനുള്ള കാരണങ്ങള്‍ നിരത്താന്‍ എല്‍.ഡി.എഫ് നേതൃത്വം നന്നായി വിയര്‍ക്കേണ്ടിയുംവരും 

അതേസമയം, കെ.സുരേന്ദ്രന് അനുകൂലമായ കാറ്റ് മണ്ഡലത്തിലാകെ ആഞ്ഞ് വീശിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മി എന്‍.ഭട്ട് നേടിയതിനെക്കാള്‍ 1,987 വോട്ട് കാസര്‍കോട് കുറഞ്ഞത് ബി.ജെ.പി.ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്തും കാസര്‍കോട്ടും രണ്ടാം സ്ഥാനം ഉറപ്പിക്കാനായതിന്റെ ആശ്വാസവും നേതാക്കള്‍ മറച്ചുവെക്കുന്നില്ല.
ഉദുമയിലാണ് ബി.ജെ.പി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയത്-11,528. കാഞ്ഞങ്ങാട്ട് 8,064 വോട്ടും കൂടി. ഇടതിനൊപ്പം എന്നും ഉറച്ചുനിന്ന തൃക്കരിപ്പൂരും (7,555) പയ്യന്നൂരും(7,877) കല്യാശ്ശേരിയിലും(5,269) കൂടിയ ബി.ജെ.പി. വോട്ട് എല്‍.ഡി.എഫ്. നേതാക്കളെയും അണികളെയും കുഴക്കുകയാണ്.
സമീപകാലത്തൊന്നും ഉണ്ടാകാത്തരീതിയിലുള്ള ജയവും വോട്ടിലെ തോല്‍വിയും എല്‍.ഡി.എഫിന് ഏല്പിച്ച ആഘാതം ചെറുതൊന്നുമല്ല. കാസര്‍കോട്ട് മാത്രമാണ് ആശ്വാസമായി 6,390 വോട്ട് കൂടിയത്. ബാക്കി എല്ലായിടത്തും നന്നായി കുറഞ്ഞു. ഉദുമയില്‍ 6,001 വോട്ടും മഞ്ചേശ്വരത്ത് 5,581 വോട്ടും കുറഞ്ഞു. പയ്യന്നൂരില്‍ 2,228 വോട്ടിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. കാഞ്ഞങ്ങാട്-1,729, തൃക്കരിപ്പൂര്‍-1,820, കല്യാശ്ശേരി-1,541 വീതം വോട്ടും എല്‍.ഡി.എഫിനെ കൈവിട്ടു. വോട്ടും ഭൂരിപക്ഷവും കുറഞ്ഞതിന് മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി പി.കരുണാകരന്‍ രംഗത്തെത്തിയതും വരുംനാളില്‍ ചര്‍ച്ച ചെയ്യപ്പെടും.
തോറ്റെങ്കിലും തലയെടുപ്പോടെയാണ് യു.ഡി.എഫും അഡ്വ. ടി.സിദ്ദിഖും മണ്ഡലത്തില്‍ നില്‍ക്കുന്നത്. 22,526 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ അവര്‍ പെട്ടിയിലാക്കിയത്. ഉദുമയില്‍ 6,131 വോട്ട് അധികമായി പിടിച്ചെടുത്തപ്പോള്‍ 835 വോട്ടിന്റെ വ്യത്യാസം മാത്രമാണ് രണ്ട് മുന്നണികളും തമ്മിലുള്ളത്. 

ഇടത് കോട്ടയായ കല്യാശ്ശേരിയില്‍നിന്ന് 5,314 വോട്ടും സിദ്ദിഖ് നേടി. മഞ്ചേശ്വരം-2,642, കാസര്‍കോട്-1,393, കാഞ്ഞങ്ങാട്-2,640, തൃക്കരിപ്പൂര്‍-3,150, പയ്യന്നൂര്‍-1,256 വീതം വോട്ടും സിദ്ദിഖ് അധികമായി നേടി.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 12,40,463 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 9,73,592 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.