Latest News

സ്‍പാനിഷ് കിരീടത്തില്‍ മുത്തമിട്ട് അത്‍ലറ്റിക്കോ

സ്‍പാനിഷ് ലീഗ് കിരീടം അത്‍ലറ്റിക്കോ മാഡ്രിഡിന്. കിരീടപ്പോരാട്ടത്തില്‍ കരുത്തരായ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കിയാണ് അത്‍ലറ്റിക്കോ ചരിത്ര വിജയം കുറിച്ചത്. 18 വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് അത്‍ലറ്റിക്കോ സ്‍പാനിഷ് ലീഗ് കിരീടം ഉയര്‍ത്തുന്നത്. 

ആക്രമണത്തോടെയാണ് ഇരുകൂട്ടരും കളി ആരംഭിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ ബാഴ്‍സ ഡിഫന്‍ഡര്‍ ജെറാഡ് പിക്വു മഞ്ഞകാര്‍ഡ് കണ്ടു. ബാഴ്‍സയുടെ തന്ത്രങ്ങള്‍ വിജയം കണ്ടത് 34 ാം മിനിറ്റില്‍. അലക്സിസ് സാഞ്ചെസ് അത്‍ലറ്റിക്കോയുടെ വല കുലുക്കി ബാഴ്‍സക്ക് കളിയില്‍ ആധിപത്യം നേടിക്കൊടുത്തു. ഇതോടെ ബാഴ്‍സ ആക്രമണ ശൈലിക്ക് തത്‍കാലം അവധി കൊടുത്തു പ്രതിരോധത്തിലേക്ക് വലിഞ്ഞു. 

എന്നാല്‍ 49 ാം മിനിറ്റില്‍ അത്‍ലറ്റിക്കോയുടെ ഡീഗോ ഗോഡിന്‍ നേടിയ തകര്‍പ്പന്‍ ഗോള്‍ ബാഴ്‍സയ്ക്കു ഇരുട്ടടിയായി. 64 ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ മുന്നേറ്റം ഗോളില്‍ കലാശിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ആ പ്രതീക്ഷയും കൊഴിഞ്ഞു. പിന്നീടങ്ങോട്ട് കൂട്ടപ്പൊരിച്ചില്‍ നടന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒരിഞ്ച് വിട്ടുകൊടുക്കാത്ത പോരാട്ടത്തിലൂടെ അത്‍ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടു.

ലീഗില്‍ അവസാന റൗണ്ടുകളിലെ അട്ടിമറികളാണ് ബാഴ്‌സ അത്‌ലറ്റികോ 'ഫൈനല്‍' മത്സരത്തിന് കളമൊരുങ്ങിയത്. നിലവില്‍ 89 പോയന്റുള്ള അത്‌ലറ്റികോക്ക് കപ്പുറപ്പിക്കാന്‍ ഒരു സമനില മതിയെങ്കില്‍ മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് കിരീടത്തിലേക്കത്തൊന്‍ ജയം കൂടിയേതീരൂ എന്ന നിലയായിരുന്നു. 

ബാഴ്‌സ കിരീടം നിലനിര്‍ത്താനാണ് ഇക്കുറി ലക്ഷ്യമിട്ടതെങ്കില്‍ 1996 നുശേഷം സ്‍പാനിഷ് ലീഗിലെ ചാമ്പ്യന്‍ പദവി തിരിച്ചുപിടിക്കാനാണ് ബാഴ്‌സയുടെ തട്ടകത്തിലേക്ക് അത്‌ലറ്റികോ എത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ലീഗില്‍ ഇരു ടീമുകളും മുഖാമുഖം നിന്നപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലീഗിലെ അവസാനമത്സരങ്ങളില്‍ ഇരുടീമുകളും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗിലടക്കം അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sports News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.