Latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ആളെ മറ്റൊരു പെണ്‍കുട്ടി കുടുക്കി

പിറവം: വന്‍കിട വിവാഹ സൈറ്റുകളില്‍ പരസ്യം നല്‍കി പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി വിലസിയ തട്ടിപ്പുകാരന്‍ പോലീസ് പിടിയിലായി. പാമ്പാക്കുട ചന്ത്രത്തില്‍ റെജി സി. മോന്‍സി എന്ന ചന്ദ്രത്തില്‍ റെജി (44) യാണ് ഹൈദരാബാദില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെ സമര്‍ത്ഥമായ നീക്കത്തെ തുടര്‍ന്ന് പിടിയിലായത്. 

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഹൈദരാബാദിലെ പെണ്‍കുട്ടിയെ കബളിപ്പിക്കാന്‍ നടത്തിയ നീക്കം തിരിച്ചറിഞ്ഞ അവര്‍ സൈറ്റില്‍ വിവരങ്ങള്‍ നല്‍കുകയായിരുന്നു. റെജിയുടെ കെണിയില്‍ വീണ് മുപ്പത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ബാംഗ്‌ളൂരില്‍ താമസിക്കുന്ന കൊച്ചിക്കാരിയായ പെണ്‍കുട്ടി, സൈറ്റിലെ വിവരങ്ങളിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവാണ് എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ട് സതീഷ് ബിനോയ്ക്ക് പരാതി നല്‍കിയത്. പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒമ്പതാംക്‌ളാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെങ്കിലും ഭംഗിയായി ഇംഗ്‌ളീഷ് സംസാരിക്കുന്ന പ്രതി നെറ്റിലെ വന്‍കിട സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. നെറ്റിലൂടെയുള്ള ബന്ധം ഉറപ്പിച്ച ശേഷം തന്ത്രപരമായി നുണകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയിരുന്നത്. 

കൊച്ചി തോപ്പുംപടി സ്വദേശിയായ പെണ്‍കുട്ടി ബാംഗ്‌ളൂരില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് സൈറ്റിലെ പരസ്യത്തില്‍ ആകൃഷ്ടയായി ഇയാളെ പരിചയപ്പെട്ടത്. പരസ്​പരം കാണുകപോലും ചെയ്യാതെ തന്നെ പെണ്‍കുട്ടിയില്‍ നിന്ന് മുപ്പത് ലക്ഷത്തോളം രൂപ തട്ടിയതായാണ് പരാതി. 

ഓണ്‍ലൈനായി നടത്തിയ പണം കൈമാറ്റത്തിലൂടെ ഇരുപത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് മുതല്‍ ഒരു കൊല്ലത്തിനിടെയാണ് ഇത്രയും പണം തട്ടിയതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പുത്തന്‍കുരിശ് സി.ഐ. കെ.ആര്‍. മനോജ് പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളുടെ പിറവത്തെ ശാഖകള്‍ വഴിയാണ് ഇയാള്‍ പണം കൈക്കലാക്കിയിരുന്നത്.

2006ല്‍ എയര്‍ ഹോസ്റ്റസിനെ പറ്റിച്ച സമാനമായ കേസില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോവളത്തെ വന്‍കിട ഹോട്ടലിന്റെ മാനേജരെ കബളിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയ കേസില്‍ റെജിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആയിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.