Latest News

കരാറുകാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; തുക കൈമാറുന്നതിനിടെ യുവാവ് പിടിയില്‍

കാസര്‍കോട് : കരാറുകാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ തുക കൈമാറുന്നതിനിടെ യുവാവിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. പത്തുലക്ഷം രൂപയ്ക്ക് ഉറപ്പിച്ച കരാറിന് അഡ്വാന്‍സായി പതിനായിരം രൂപയും കൊലപ്പെടുത്തേണ്ട ആളിന്റെ ഫോട്ടോയും ക്വട്ടേഷന്‍ സംഘമെന്ന വ്യാജേനെ എത്തിയെ പൊലീസ് സംഘത്തിനു കൈമാറുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു.

മധൂര്‍ പട്ട്ളയിലെ മുഹമ്മദ് അസ്റുദ്ദീനെ(24)യാണു ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. മധൂര്‍ പട്ളയിലെ കരാറുകാരനായ അഷറഫിനെ കൊലപ്പെടുത്താനായി ബന്ധുവായ മുഹമ്മദ് അസ്റുദ്ദീനാണു ക്വട്ടേഷന്‍ നല്‍കാനെത്തിയത്. പ്രതിയുടെ സഹോദരന് അഷറഫുമായുള്ള മുന്‍വൈരാഗ്യമാണു ക്വട്ടേഷന്‍ നല്‍കാനിടയാക്കിയതെന്നു പൊലീസ് പറയുന്നു.

അഷറഫിനെ വകവരുത്താനായി മുഹമ്മദ് അസ്റുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ക്വട്ടേഷന്‍ നല്‍കുന്നതായി പൊലീസിനു ദിവസങ്ങള്‍ക്കുമുന്‍പ് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇൌ ശ്രമം തകര്‍ക്കാന്‍ കണ്ണൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘമെന്ന നിലയില്‍ ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസിലെ രണ്ടുപേര്‍ അസ്റുദ്ദീനുമായി ബന്ധപ്പെടുകയായിരുന്നു. കൊലപ്പെടുത്താനായി 10 ലക്ഷത്തിനും കൈകാലുകള്‍ വെട്ടുന്നതിനായി നാലു ലക്ഷത്തിനുമാണു ക്വട്ടേഷന്‍ ഉറപ്പിച്ചത്.

ഇതിന്റെ ഭാഗമായി കരാര്‍ തുകയില്‍ അഡ്വാന്‍സ് നല്‍കുന്നതിനും ക്വട്ടേഷന്‍ സംഘത്തെ നേരില്‍ കാണാനുമാണു മുഹമ്മദ് അസ്റുദ്ദീന്‍ ദേശീയപാതയോരത്തെ ഹോട്ടലിലേക്കെത്തിയത്. ക്വട്ടേഷന്‍ സംഘമെന്ന വ്യാജേന എത്തിയ ഷാഡോ പൊലീസ് അഡ്വാന്‍സ് തുകയായി മുഹമ്മദ് അസ്റുദ്ദീനോട് അരലക്ഷം രൂപ ആവശ്യപ്പെട്ടുവെങ്കിലും അത്രയും തുക ഇപ്പോളില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് അഡ്വാന്‍സായി 10,000 രൂപയും അഷറഫിന്റെ ഫോട്ടോയും പൊലീസിനു കൈമാറുന്നതിനിടെ സിഐ ടി.ടി. ജേക്കബ്, എസ്ഐ ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

അസ്റുദ്ദീന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കു പുറമെ തോട്ടത്തില്‍ അഷറഫ്, ഗള്‍ഫിലുള്ള ഹാരിസ് എന്നിവരും സംഘത്തിലുണ്ടെന്നു പൊലീസ് അറിയിച്ചു. വധഭീഷണിയുണ്ടെന്ന് അഷറഫും മകനു ഭീഷണിയുണ്ടെന്ന് അഷറഫിന്റെ ഉമ്മയും മാസങ്ങള്‍ക്കു മുന്‍പേ ജില്ലാ പൊലീസ് മോധാവിക്കു പരാതി നല്‍കിയിരുന്നു. സിവില്‍ പൊലീസ് ഒാഫിസര്‍മാരായ പ്രദീപ്കുമാര്‍ ചവറ, സുനില്‍ എബ്രാഹം, സുനിഷ് സിറിയക്, ഷാജു മഞ്ചേശ്വരം, പ്രകാശന്‍ നീലേശ്വരം, ഷാഡോ പൊലീസ് അംഗങ്ങളായ സുനില്‍ കുമാര്‍, കെ. രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.