Latest News

ഫേസ്ബുക്കിലൂടെ പ്രണയാക്ഷരങ്ങള്‍ കൈമാറിയ ബധിര മൂകരായ രാകേഷിനും വിജിതയ്ക്കും മനം പോലെ മംഗല്യം

വളാഞ്ചേരി: വാചാലമായ മൗനത്തിന്റെ ഇരു പുറങ്ങളില്‍ നിന്നും ഫേസ്ബുക്കിലൂടെ പ്രണയാക്ഷരങ്ങള്‍ കൈമാറിയ രാകേഷിനും വിജിതയ്ക്കും മനം പോലെ മംഗല്യം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും വിവാഹിതരായപ്പോള്‍ കണ്ടു നിന്നവര്‍ക്കും മനം നിറഞ്ഞു.

സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത രാകേഷും വിജിതയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരു വീട്ടുകാരും സന്തോഷത്തോടെ സമ്മതം നല്‍കുകയും ചെയ്തു. കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

വളാഞ്ചേരി കാവുംപുറം വട്ടപ്പാറയിലെ പറയത്ത് ശ്രീരാഗത്തില്‍ രാമദാസ് മേനോന്റെയും കുഞ്ഞിലക്ഷ്മിയുടെയും മകനാണ് 28 കാരനായ രാകേഷ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രാകേഷിന് കാസര്‍കോടാണ്‌ നിയമനം ലഭിച്ചത്. കാസര്‍കോട്‌ മാര്‍ത്തോമാ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് വിജിത. ബന്തടുക്ക ബേവത്താലം ചന്തുക്കുട്ടി നായരുടെയും ഗംഗയുടെയും മകളാണ് 22കാരിയായ വിജിത.

അങ്ങാടിപ്പുറം മലാപ്പറമ്പിലുള്ള അസ്സീസി മൂകബധിര വിദ്യാലയത്തിലാണ് രാകേഷ് പഠിച്ചത്. പഠനശേഷം കുറച്ചുകാലം വളാഞ്ചേരിയിലെ സ്വകാര്യ ബാങ്കിലും ജോലി ചെയ്തിരുന്നു. കാസര്‍കോട്‌ കോളേജിലെ സുഹൃത്തുക്കളും കോട്ടയ്ക്കല്‍ ഹെലന്‍ കെല്ലര്‍ മൂക ബധിര അസോസിയേഷനിലെ പ്രവര്‍ത്തകരുമുള്‍പ്പെടെ അമ്പതോളം ‘സൈലന്റ് ഫ്രണ്ട്‌സും’ വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Love, Marriage.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.