Latest News

സഹപ്രവര്‍ത്തകരെല്ലാം ചിന്നിച്ചിതറി; അപകടത്തിന്‍െറ നടുക്കം വിട്ടുമാറാതെ രാജു

ദുബൈ: വര്‍ഷങ്ങളായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും പണിയെടുത്തുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകര്‍ ഒരൊറ്റ നിമിഷം കൊണ്ട് ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായി കിടക്കുന്നത് കണ്ട ഞെട്ടലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല മലയാളിയായ രാജു വാസുക്കുട്ടി. തലനാരിഴക്ക് മരണത്തിന്‍െറ വായില്‍ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതിന് ദൈവത്തോട് ഉള്ളുരുകി നന്ദി പറയുകയാണിദ്ദേഹം.

ശനിയാഴ്ച രാവിലെ ദുബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി രാജു വാസുക്കുട്ടി (42) കഴിഞ്ഞതൊന്നും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം തട്ടിയെടുക്കുമായിരുന്ന അപകടം ഒരു ദു:സ്വപ്നം പോലെ കണ്ട് ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

വാഹനത്തില്‍ മലയാളിയായി ഇദ്ദേഹം മാത്രമാണ് ഉണ്ടായിരുനത്. ഒരു നിമിഷത്തെ ഡ്രൈവറുടെ അശ്രദ്ധയാണ് 14 പേരുടെ മരണത്തില്‍ കലാശിച്ചത്.
ഉമ്മുല്‍ ഖുവൈനിലെ ലേബര്‍ സപൈ്ള സ്ഥാപനത്തിലെ വാഹനമാണ് എമിറേറ്റ്സ് റോഡില്‍ അപകടത്തില്‍ പെട്ടത്. 

ഏഴ് വര്‍ഷത്തോളമായി രാജു ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. വര്‍ഷങ്ങളായി രാജുവിനോടൊപ്പം പണിയെടുക്കുന്ന പത്ത് ബീഹാര്‍ സ്വദേശികളും നാല് ബംഗ്ളാദേശ് സ്വദേശികളുമാണ് മരിച്ചത്. പരിക്കേറ്റ രണ്ട് ബംഗാളികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഉമ്മുല്‍ഖുവൈനിലെ കമ്പനി വക താമസസ്ഥലത്തുനിന്ന് 30 തൊഴിലാളികളെയുമായി കോസ്റ്റര്‍ മിനി ബസ് പുറപ്പെട്ടത്. ജബല്‍ അലിയിലെ ഫാബ് ടെക് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയുടെ നിര്‍മാണ സ്ഥലത്തേക്ക് നാല് വര്‍ഷത്തോളമായി രാജു അടക്കമുള്ള സംഘം ഇതുവഴി നിത്യ യാത്രക്കാരാണ്. പാകിസ്താന്‍ സ്വദേശിയാണ് മിനി ബസ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. 

കൃത്യ സമയത്ത് നിര്‍മാണ സ്ഥലത്ത് എത്താന്‍ വേണ്ടി നല്ലവേഗതയിലായിരുന്നു. താമസ സ്ഥലത്ത് നിന്ന് പുലര്‍ച്ചെ എഴുന്നേറ്റ് പോരുന്നത് കൊണ്ട് തന്നെ രാജു അടക്കമുള്ള മിക്കവരും ഉറക്കത്തിലായിരുന്നു. പൊടുന്നനെയാണ് ഭീകരമായ ശബ്ദവും നിലവിളിയും കേള്‍ക്കുന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് നേരെ ബസ് പാഞ്ഞടുക്കുന്നത് കണ്ട് ഉറങ്ങാതിരുന്ന ചില തൊഴിലാളികള്‍ ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ഞൊടിയിടയിലാണ് എല്ലാം സംഭവിച്ചതെന്ന് രാജു വാസുക്കുട്ടി പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ മിക്കവരും റോഡിലേക്ക് തെറിച്ചു വീണു. ഭീകര രംഗം കണ്ട് തലകറങ്ങിയ രാജുവിന് പിന്നെ ആശുപത്രിയില്‍ എത്തിയതാണ് ഓര്‍മയുള്ളത്. പുറത്തേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് രാജുവിന് ഇടത്തേ കൈക്കും മുഖത്ത് വായ് ഭാഗത്തുമാണ് പരിക്ക്.
ബസിന്‍െറ വലതുഭാഗമാണ് ട്രക്കുമായി ഇടിച്ചത്. ആ ഭാഗത്ത് ഇരുന്നിരുന്നവരാണ് മരിച്ചവരെല്ലാം. രാജു ഡ്രൈവര്‍ക്ക് പുറകിലെ മൂന്നാമത്തെ സീറ്റിലായിരുന്നു. ഈ ഭാഗത്തിരുന്ന മിക്കവരും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നു. പൊലീസത്തെി വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടം നടന്ന സമയം കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നതും തക്ക സമയത്ത് രക്ഷാ പ്രവര്‍ത്തകരത്തെിയതും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കി. ചിന്നി ചിതറി കിടക്കുന്ന ശരീര ഭാഗങ്ങളും ചോരക്കളമായ റോഡും പുക പടലവും കൂട്ട നിലവിളിയുമെല്ലാമായിരുന്ന ഭീകര രംഗം മറക്കാന്‍ ശ്രമിക്കുകയാണ് രാജു.
ഏഴ് വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ രാജു അന്നു മുതല്‍ ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നത്തെിയത്. അപകട വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് നിലക്കാത്ത ഫോണ്‍ വിളികളാണ് വരുന്നതെന്ന് രാജു പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.