Latest News

സിപിഎം നേതാവിനെതിരെ വാര്‍ത്ത: ലേഖകനു വധഭീഷണിയെന്നു പരാതി

കണ്ണൂര്‍:പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം നേതാവിന്റെ അവിഹിത ബന്ധം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടികൂടിയതായി സായാഹ്ന പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പേരില്‍ ലേഖകനു വധ ഭീഷണിയെന്നു കേരളകൌമുദി ഫ്ലാഷ് ബ്യൂറോ ചീഫ് എന്‍.വി. മഹേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.

അതേസമയം, കല്‍പ്പിത കഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ചു പാര്‍ട്ടിയെക്കുറിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള നീക്കത്തെ അവജ്ഞയോടെ തള്ളിക്കളയണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുതകും വിധം ദുസ്സൂചനകള്‍ നിറഞ്ഞ വാര്‍ത്തകള്‍ ചമയ്ക്കുന്നവരുടെ ഗൂഢലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയണം. അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന നേതാവിനെ പെരളശേരിയിലെ ഒരു വീട്ടില്‍ അസമയത്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചതായി വ്യാഴാഴ്ചയാണു സായാഹ്ന പത്രത്തില്‍ വാര്‍ത്ത വന്നത്. തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്തയുടെ പേരില്‍ അന്നു മുതല്‍ ലേഖകനു ഫോണില്‍ വധഭീഷണിയുള്ളതായി എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

പെരളശേരി സ്വദേശിയാണെങ്കിലും ലേഖകന്‍ വര്‍ഷങ്ങളായി കണ്ണൂര്‍ ടൌണിലാണു താമസം. ലേഖകന്റെ പെരളശേരിയിലെ തറവാട്ടിലും ഭാര്യയുടെ വീട്ടിലും ഒരു സംഘം പലതവണ നേരിട്ടെത്തി ഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരില്‍ നിന്നു ഭീഷണിയുണ്ടെന്നും കരുതിയിരിക്കണമെന്നും സ്പെഷല്‍ ബ്രാഞ്ച് പൊലീസ് ഇന്നലെ രാവിലെ ലേഖകനെ അറിയിച്ചിരുന്നു. അതിനിടെ, ആരോപണ വിധേയനായ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടു സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ നഗരത്തില്‍ ചില സ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.