Latest News

ജില്ലയിലെ 28 പ്രശ്‌നബാധിതസ്ഥലങ്ങളില്‍ നിരോധനാജ്ഞ

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയിലെ 28 പ്രശ്‌നബാധിതസ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനുപുറമെ വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ ജില്ലാ പോലീസ് മേധാവി 12 ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

വൈകിട്ട് 6.30-നു ശേഷം ജാഥകളോ സമ്മേളനങ്ങളോ പൊതുപരിപാടികളോ നടത്താന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശവും ജില്ലാ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കോട്, അരയി, മീനാപ്പീസ്, കൂളിയംകാല്‍, ആറങ്ങാടി, അമ്പലത്തറ സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍, ചന്തേരയിലെ മൂസഹാജിമുക്ക്, ബേക്കലിലെ മേല്‍പ്പറമ്പ്, കാസര്‍കോട് സര്‍ക്കിള്‍ പരിധിയിലെ ചളിയംകോട്, ദേളി, കോളിയടുക്കം, മേല്‍പ്പറമ്പ്, പള്ളിപ്പുറം, കറന്തക്കാട്, ചൂരി, മീപ്പുഗുരി, ആര്‍.ഡി. നഗര്‍, ഉളിയത്തടുക്ക, മായിപ്പാടി, അടുക്കത്ത്ബയല്‍, ചൗക്കി, ആസാദ് നഗര്‍, ഭഗവതി നഗര്‍, ബദ്രഡുക്ക, എരിയാല്‍, മൊഗ്രാല്‍ പുത്തൂര്‍, നുള്ളിപ്പാടി, ജെ.പി. കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും അനുമതി നിഷേധിച്ചിരിക്കുന്നതായും പോലീസ് നേരത്തേ അറിയിച്ചിരുന്നു.
16-ന് വോട്ടെണ്ണല്‍കേന്ദ്രത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പ്രവേശിക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍കേന്ദ്രത്തിനടുത്ത റോഡില്‍ ആളുകള്‍ കൂടിനിന്ന് ഗതാഗതം തടസ്സപ്പെടുത്തരുത്. ഇരുചക്രവാഹനറാലികളും നിരോധിച്ചു. വലിയ മുളംകമ്പുകളില്‍ പാര്‍ട്ടിപതാകകള്‍ കെട്ടി ഇരുചക്രവാഹനങ്ങളിലടക്കം വാഹനറാലി നടത്തുന്നത് വിലക്കി.
തുറന്ന ലോറികള്‍, ടെമ്പോകള്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ ആളുകള്‍ പ്രകടനത്തിനെത്തുന്നത് നിരോധിച്ചു. അത്തരം വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥികളെ ആനയിച്ചുകൊണ്ട് പര്യടനം നടത്തുകയാണെങ്കില്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം.
പ്രകോപനമുദ്രാവാക്യങ്ങള്‍, വ്യക്തിഹത്യപ്രസംഗങ്ങള്‍ എന്നിവ കര്‍ശനമായും ഒഴിവാക്കണം. ഇതു ലംഘിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കും. 6.30-ന് ശേഷം കവലകളിലോ ജങ്ഷനുകളിലോ ആരും കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വിജയഘോഷയാത്രയില്‍ ഗതാഗതതടസ്സം സൃഷ്ടിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ സ്ഥാനാര്‍ഥിയടക്കം നിയമനടപടികള്‍ക്കു വിധേയരാകേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.