Latest News

ജൂണ്‍ 30 നകം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡുകള്‍ നല്‍കും

കാസര്‍കോട്: ജില്ലയില്‍ സ്വാകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുതിയ കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണ്‍ 30 നകം പൂര്‍ത്തിയാക്കുന്നതിന് ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.

അതുവരെ പഴയ രീതിയില്‍ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാനും യോഗം നിര്‍ദ്ദേശിച്ചു. പ്രൈവറ്റ് ബസുകളില്‍ യാത്രാ സൗജന്യം ലഭിക്കുന്നതിന് പ്ലസ്ടു ക്ലാസുകളില്‍ വരെ പഠിക്കുന്ന കുട്ടികള്‍, റഗുലര്‍ കോളേജുകള്‍, ഗവ. ഐടിഐ, ഗവ.ബിഎഡ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതാത് സ്ഥാപന മേധാവികള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ മതി. 

മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഗവ. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യേണ്ടതാണ്. ഇതിന്റെ ചെലവിലേക്ക് സ്ഥാപന ഉടമകള്‍ ഒരു കാര്‍ഡിന് അഞ്ചു രൂപ നിരക്കില്‍ അവര്‍ക്കാവശ്യമുള്ള കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സഹിതം കണ്‍സഷന്‍ കാര്‍ഡിനായി ആര്‍ടിഒ യെ സമീപിക്കണം. നിശ്ചിത തുക അടച്ച് കാര്‍ഡുകള്‍ വാങ്ങി സ്ഥാപന മേധാവികള്‍ പൂരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും ഒപ്പും പതിച്ച് സ്ഥാപന മേധാവികളുടെ ഒപ്പോടുകൂടി ആര്‍ടിഒ യെ ഏല്‍പ്പിക്കണം. കാര്‍ഡുകളില്‍ ആര്‍ടിഒ ഒപ്പിട്ട് സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കും. സ്ഥാപന മേധാവികള്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്.
കണ്‍സഷന്‍ കാര്‍ഡ് വിതരണത്തിനായി കുടുംബശ്രീയില്‍ നിന്നും രണ്ട് ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കും. കാര്‍ഡ് വിതരണം ചെയ്യുന്നതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കും. കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിന് ജില്ലയില്‍ ഗവ. പ്രസ് ഇല്ലാത്തതിനാല്‍ കോഓപ്പറേറ്റീവ് പ്രസില്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മാന്യമായി പെരുമാറണം അകാരണമായി കണ്‍സഷന്‍ നിഷേധിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വ്യാജ കണ്‍സഷന്‍ കാര്‍ഡുകളോ തിരുത്തിയ കാര്‍ഡുകളോ തെളിവു സഹിതം പിടിക്കപ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ എടുക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തേക്ക് പണമടച്ച് കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിക്കുകയാണെങ്കില്‍ കണ്‍സഷന്‍ കാര്‍ഡ് നല്‍കും. 
കഴിഞ്ഞ അധ്യയന വര്‍ഷം കണ്‍സഷന്‍ കാര്‍ഡുകള്‍ സ്വീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് ബസുടമാസംഘം ആര്‍ടിഒ ക്ക് കൈമാറേണ്ടതാണ്. ലിസ്റ്റില്‍ പെടാത്ത സ്ഥാപനങ്ങള്‍ കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിക്കുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി നിശ്ചിത ദിവസം സ്‌ക്രൂട്ടിനി കമ്മിറ്റി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനം കൈക്കൊള്ളും. കണ്‍സഷന്‍ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള പരാതികള്‍ പരിശോധിച്ച് യുക്തമായി തീരുമാനങ്ങളെടുക്കുന്നതിന് എഡിഎം ചെയര്‍മാനും ആര്‍ടിഒ കണ്‍വീനറുമായി സ്‌ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു.
കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പിഎസ്.മുഹമ്മദ്‌സഗീര്‍ അധ്യക്ഷത വഹിച്ചു. ആര്‍ടിഒ പ്രകാശ് ബാബു, ജില്ലാ ബസ്ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി.കെ.മധുസൂദനന്‍, വൈസ് പ്രസിഡണ്ട് പി.എ.മുഹമ്മദ് കുഞ്ഞി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.ഗിരീഷ്, സി.എ.മുഹമ്മദ് കുഞ്ഞി, എ.വി.പ്രദീപ്,വി.എം.ശ്രീപതി, ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.കെ.പി.അജയകുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ വി.രമേശന്‍, കെഎസ്ആര്‍ടിസി എ.ടി.ഒ. സി.മോഹനന്‍, ഇന്‍സ്‌പെക്ടര്‍ പി.കുഞ്ഞികൃഷ്ണന്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ ബി.പി.പ്രദീപ് കുമാര്‍, ബി.വൈശാഖ്,അഖില്‍ മാത്യു, അഭിജിത്ത്,റൗഫ് ബാവിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.