Latest News

അപ്രഖ്യാപിത ലോഡ് ഷെഡിങ് മൂലം ഇരുട്ടടിയേറ്റ ജനങ്ങളെ വെല്ലുവിളിച്ച് കെ.എസ്.ഇ.ബി

കാസര്‍കോട്: സംസ്ഥാനത്ത് പ്രതിദിനം അര മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ വൈദ്യുതി ലോഡ് ഷെഡിങ് പിന്‍വലിച്ചെന്ന് മന്ത്രിയും സര്‍ക്കാറും പത്രക്കുറിപ്പിറക്കി അറിയിച്ചെങ്കിലും ലോഡ് ഷെഡിങ് പിന്‍വലിച്ചിട്ടേയില്ലെന്നും അത്തരമൊരു ആലോചനപോലും വൈദ്യുതി ബോര്‍ഡിന്റെ ഒരു തലത്തിലും നടന്നിട്ടില്ലെന്നും കെ.എസ്.ഇ.ബി. അധികൃതരും പറയുന്നു.

മന്ത്രിയും ബോര്‍ഡ് അധികൃതരും തിരിച്ചും മറിച്ചും നയം വ്യക്തമാക്കിയതോടെ വൈദ്യുത ആഘാതമേറ്റത് ജനത്തിനാണ്.

മലയോരത്തും കടലോരത്തും ലോഡ് ഷെഡിങ് മുറതെറ്റാതെ തുടരുന്നുണ്ട്. വേനല്‍മഴയും കൂടി പെയ്യുന്നതിനിടയില്‍ മുഴങ്ങുന്ന ഇടിവെട്ടിനിടയിലും വൈദ്യുതി കണ്ണുചിമ്മുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലാകെ മണിക്കൂറോളം വൈദ്യുതി മുടങ്ങി. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമാണെങ്കില്‍ വൈദ്യുതി മുടക്കത്തിന് ഒരു പരിധിയുമില്ല.

വൈദ്യുതി മുടക്കത്തെക്കുറിച്ച് ഫോണില്‍ വിളിച്ച് അന്വേഷിക്കാമെന്ന് വെച്ചാല്‍ മറുതലയ്ക്കല്‍ ഫോണെടുക്കില്ല. ഫോണ്‍ ഏതുനേരത്തും ഭയങ്കര തിരക്കിലാണ്. തിരക്കൊഴിഞ്ഞാല്‍ മറുപടി പറയാനാവാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നു. പ്ലസ്ടു ഏകജാലക രജിസ്‌സ്റ്റ്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയതോടെ വൈദ്യുതിയുടെ കള്ളനും പോലീസും കളി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒന്നടങ്കം ദുരിതത്തിലാഴ്ത്തിക്കഴിഞ്ഞു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും മറ്റും വൈദ്യുതി വകുപ്പിന്റെ അപ്രഖ്യാപിത ലോഡ് ഷെഡിങ് മൂലം ഇരുട്ടടിയേറ്റവരാണ്.

മേല്‍പ്പറമ്പ് മുതല്‍ പാലക്കുന്ന് വരെയുളള ടൗണുകളില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസത്തോളമായി ജനങ്ങള്‍ക്ക് വൈദ്യുതി വകുപ്പ് ഇരുട്ടടി നല്‍കാന്‍ തുടങ്ങിയിട്ട്. മിക്ക ദിവസങ്ങളിലും പകല്‍ മുഴുവന്‍ വൈദ്യുതി മുടക്കം. വൈകുന്നേരം വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളെല്ലാം അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ തുടങ്ങും ലോഡ് ഷെഡിങും പവര്‍കട്ടും തുടങ്ങിയ കെ.എസ്.ഇ.ബിയുടെ ഭ്രാന്തന്‍ കളികള്‍.

വൈദ്യുതിയുടെ ഒളിച്ചു കളി കാരണം മേല്‍പ്പറമ്പ മുതല്‍ പാലക്കുന്ന് വരെയുളള വ്യാപാരികള്‍ക്ക് ലക്ഷങ്ങളാണ് ദിനപ്രതി നഷ്ടമാകുന്നത്. ചൂട് കാലത്ത് സജീവമാകുന്ന കൂള്‍ഹൗസുകളും ഐസ്‌ക്രീം കടകളും പലസ്ഥലത്തും അടച്ചിട്ടിരിക്കുകയാണ്.

ഉദുമ സെക്ഷനിലെ ഗ്രാമ പ്രദേശങ്ങളില്‍ വൈദ്യുതി എന്നത് അപൂര്‍വ്വമായി എത്തുന്ന കാഴ്ചയാണ്. അതും വോള്‍ട്ടേജ് ഇല്ലാതെ. പരാതിയുമായി ഉദുമ കെ.എസ്.ഇ.ബി ഓഫീസില്‍ എത്തിയാല്‍ മൈലാട്ടി സബ് സ്റ്റേഷനെയും ട്രാന്‍സ്‌ഫോര്‍മറിനെയും കുററം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടിതപ്പുന്ന അവസ്ഥയാണ്.

ഉദുമ മുല്ലേച്ചരി എരോല്‍ പ്രദേശങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹാരത്തിനായി ഒരു മാസത്തോളം ഉദുമ കെ.എസ്.ഇ.ബി ഓഫീസില്‍ കയറിയിറങ്ങിയ നാട്ടുകാരോട് അവസാനം ഇവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് കാസര്‍കോട് പോയി പരാതി നല്‍കാനാണ്.

സഹികെട്ട നാട്ടുകാര്‍ അവസാനം ലൈന്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ട്രാന്‍സ്‌ഫോര്‍മറിന് തൊട്ടടുത്ത ലൈനില്‍ കവുങ്ങിന്‍ ഓലവീണ് കമ്പികള്‍ പിണഞ്ഞ് കിടക്കുന്ന കാഴ്ചയാണ്. ഇത് മാററിയതോടെ ഒരു മാസത്തോളം ഈ പ്രദേശത്തുകാര്‍ക്കുളള വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി.

വൈദ്യുതി വകുപ്പിന്റെ ജീപ്പില്‍ തലങ്ങും വിലങ്ങും പായുന്ന ജീവനക്കാര്‍ ട്രാന്‍സ്‌ഫോര്‍മറിന് തൊട്ടടുത്ത ലൈനില്‍ കുടുങ്ങിയ ഒരു ഓല പോലും മാററാന്‍ കഴിയാത്തവരാണെന്ന സത്യം ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.