Latest News

ഉദുമയിലെ ഇടതുകോട്ടകളിലെ വോട്ടില്‍ വിള്ളല്‍; മഞ്ചേശ്വരത്തും കാസര്‍കോട്ടും ബി.ജെ.പി. രണ്ടാംസ്ഥാനത്ത്

കാസര്‍കോട്: നേതാക്കളെയെല്ലാം അമ്പരപ്പിച്ച് ഇടതുകോട്ടകളിലെ വോട്ടില്‍ വിള്ളല്‍. സുരക്ഷിതമെന്ന് കരുതിയ ഉദുമ നിയോജകമണ്ഡലം ഇടതിനെ കൈവിട്ടു. ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ട് പെട്ടിയിലാക്കിയും ഇടതുതട്ടകങ്ങളില്‍ വരവറിയിച്ചും ബി.ജെ.പി. കരുത്ത് തെളിയിച്ചു.

ഇടതിന്റെ സ്വന്തം മണ്ഡലങ്ങളായ കല്യാശ്ശേരിയിലും പയ്യന്നൂരിലും തൃക്കരിപ്പൂരിലും എല്‍.ഡി.എഫ്. വോട്ടുകളില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. പയ്യന്നൂരില്‍ 2,228-ഉം കല്യാശ്ശേരിയില്‍ 1,541-ഉം തൃക്കരിപ്പൂരില്‍ 1820-ഉം വോട്ട് കുറഞ്ഞു. ഉദുമയിലാണ് ഏറ്റവും വലിയ ചോര്‍ച്ച. 5,001 വോട്ട് എല്‍.ഡി.എഫിന് കുറഞ്ഞതിനൊപ്പം 835 വോട്ടിന് മണ്ഡലം യു.ഡി.എഫ്. പിടിച്ചെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുമ്പ് ശക്തമായ പോരാട്ടത്തിലൂടെ മഞ്ചേശ്വരം പിടിച്ചെടുത്ത എല്‍.ഡി.എഫിന് അവിടെ വേരുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവിടെ യു.ഡി.എഫിന് ഇക്കുറി 2,642 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍.ഡി.എഫിന് 5,581 വോട്ടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍, കാസര്‍കോട്ട് എല്‍.ഡി.എഫിന് 6,390 വോട്ട് കൂടി. യു.ഡി.എഫിന് അവിടെ 1,393 വോട്ടുകള്‍ മാത്രമേ അധികമായി പെട്ടിയിലാക്കാനായുള്ളൂ.

മഞ്ചേശ്വരത്തും കാസര്‍കോട്ടും ബി.ജെ.പി. രണ്ടാംസ്ഥാനം നിലനിര്‍ത്തി. എല്‍.ഡി.എഫിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ യു.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള ദൂരം മഞ്ചേശ്വരത്ത് 5,828 വോട്ടിന്റേത് മാത്രമായി. ഉദുമയില്‍നിന്ന് ബി.ജെ.പി.ക്ക് ഇക്കുറി 11,528 വോട്ട് കൂടുതലായി കിട്ടി. മഞ്ചേശ്വരം-2700, കാഞ്ഞങ്ങാട്-8064, തൃക്കരിപ്പൂര്‍-7555, പയ്യന്നൂര്‍-7877, കല്യാശ്ശേരി-5269 വീതം വോട്ടുകളാണ് ബി.ജെ.പി.ക്ക് അധികമായി കിട്ടിയത്. എന്നാല്‍, കാസര്‍കോട്ട് 1,987 വോട്ട് കുറഞ്ഞത് ശ്രദ്ധേയമാണ്. ജയലക്ഷ്മി എന്‍.ഭട്ട് കാസര്‍കോട്ടുനിന്ന് 43,223 വോട്ട് നേടിയിരുന്നു. സുരേന്ദ്രന് 41,236 വോട്ടേ കിട്ടിയുള്ളൂ.
പുതുതായി ചേര്‍ത്ത വോട്ടുകള്‍ എല്‍.ഡി.എഫില്‍നിന്ന് അകന്നുപോയെന്ന സൂചനകളാണ് ഫലത്തില്‍ തെളിയുന്നത്. സി.പി.എം. ശക്തികേന്ദ്രങ്ങളില്‍പ്പോലും കണക്കുകള്‍ തെറ്റിച്ച് വോട്ടുകുറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.