Latest News

പ്രവീണ്‍ തൊഗാഡിയക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ട്‌

കാഞ്ഞങ്ങാട്: വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യ സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയക്കെതിരെ ഹൊസ് ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 
2011 ഏപ്രില്‍ 30 ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച തൊഗാഡിയ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്ന കേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി തൊഗാഡിയക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഹൊസ്ദുര്‍ഗ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഉത്തരവ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ് ഐ ആയിരുന്ന ഹരി പ്രസാദാണ് ഈ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഈ കേസിന്റെ കുറ്റ പത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ അപാകതകള്‍ കണ്ടതിനെ തുടര്‍ന്ന് 2013 നവംബര്‍ 5 ന് ഈ കുറ്റ പത്രം കോടതി തിരിച്ചയച്ചു.
പ്രവീണ്‍ തൊഗാഡിയ, വി എച്ച് പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നുമാത്രമാണ് കുറ്റ പത്രത്തില്‍ രേഖപ്പെടുത്തിയത്. തൊഗാഡിയുടെ വിലാസം കുറ്റ പത്രത്തില്‍ ഉണ്ടായിരുന്നില്ല. ഇതിനു പുറമെ സംഭവം നടന്ന വര്‍ഷവും തെറ്റായി എഴുതിച്ചേര്‍ത്തിരുന്നു.
പ്രവീണ്‍ തൊഗാഡിയ, വി എച്ച് പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ആര്‍ കെ പുരം, ന്യൂഡല്‍ഹി എന്ന കൃത്യമായ വിലാസത്തില്‍ 2014 ജനുവരി 27 ന് തിരുത്തലുകളോടെ പോലീസ് വീണ്ടും കുറ്റ പത്രം സമര്‍പ്പിക്കുകയാണുണ്ടായത്. എന്നാല്‍ കേസിന്റെ വിചാരണ നടപടി ക്രമങ്ങള്‍ ആരംഭിക്കണമെങ്കില്‍ പ്രവീണ്‍ തൊഗാഡിയയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയോ അല്ലെങ്കില്‍ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുകയോ വേണം.
പ്രവീണ്‍ തൊഗാഡിയയെ പോലെയുള്ള ദേശീയ നേതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുക എന്നത് ഏറെ ശ്രമകരവും ക്രമസാമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നത് പോലീസിന് നന്നായി അറിയാം. അന്നത്തെ എസ് ഐ യും ഇപ്പോഴത്തെ എസ് ഐയും ഉള്‍പ്പടെ കേസില്‍ 23 സാക്ഷികളാണുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.