Latest News

ട്രെയിനിന്റെ അടിയിലൊളിച്ച് അസം യുവാവിന്റെ സാഹസിക യാത്ര

തിരുവനന്തപുരം: വിസയും പാസ്‌പോര്‍ട്ടും പോലുള്ള നൂലാമാലകള്‍ ഒഴിവാക്കാന്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലും മറ്റും ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുടെ കഥ നിരവധി കേട്ടുകഴിഞ്ഞു. എന്നാല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധന ഭയന്ന് ട്രെയിനിന്റെ അടിയില്‍ ജീവന്‍ പണയം വച്ച് സാഹസികമായി യാത്ര ചെയ്ത അസംകാരന്‍ ഞെട്ടിച്ചത് സാക്ഷാല്‍ ഇന്ത്യന്‍ റെയില്‍വേയെത്തന്നെ.

കൂട്ടുകാരുമായി പിണങ്ങിയ അസം യുവാവ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയത് വഞ്ചിനാട് എക്‌സ്പ്രസിന്റെ അടിയിലൊളിച്ചാണ്. അസം സലബാരി ജില്ലയിലെ ബഗ്മാരി സ്വദേശി ഡിയോള്‍ ബസമട്ടാരി (23)യാണ് ശനിയാഴ്ച രാവിലെ വഞ്ചിനാട് എക്‌സ്പ്രസ്സിന്റെ വീല്‍സെറ്റിന് മുകളിലൊളിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിയത്. ട്രെയിന്‍ രാവിലെ 10 ന് തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും ഇയാള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.

ഒരുമണിക്കൂറിന് ശേഷം കോച്ചുകള്‍ വൃത്തിയാക്കുന്നതിന് യാര്‍ഡിലേക്ക് മാറ്റുമ്പോഴാണ് റെയില്‍വേ ജീവനക്കാര്‍ ഇയാളെ കണ്ടത്. ചക്രങ്ങള്‍ ഉറപ്പിക്കുന്ന ഫൗണ്ടേഷനും കോച്ചിന്റെ അടിത്തട്ടിനും ഇടയ്ക്കുള്ള സ്ഥലത്താണ് ഇയാള്‍ കയറിപ്പറ്റിയത്. നന്നേ മെലിഞ്ഞ ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാനുള്ള സ്ഥലമിവിടെയുണ്ട്. അവിടെയാണ് ഡിയോള്‍ ഒളിച്ചിരുന്നത്. സ്ഥലമുണ്ടെങ്കിലും താഴെ വീഴാനുള്ള സാധ്യത കൂടുതലാണ്.

ട്രെയിന്‍ വേഗം കൈവരിക്കുമ്പോള്‍ തെറിച്ചു വീഴാന്‍ സാധ്യതയുണ്ട്. പാളത്തില്‍ നിന്നുയരുന്ന പൊടി അടിച്ചുകയറുന്നതിനാല്‍ ശ്വസിക്കാനും ബുദ്ധിമുട്ടാകും. തീവണ്ടി വേഗത്തിലാകുമ്പോള്‍ തെറിച്ച് പോകാനും സാധ്യതയുണ്ട്. എന്നാല്‍ അതൊന്നും ഇയാളെ ഭയപ്പെടുത്തിയില്ല. ബ്രേക്ക് വിടുവിക്കുന്നതിന് കോച്ചിനിടയില്‍ കടന്ന മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ചക്രങ്ങള്‍ക്ക് മുകളില്‍ ഇയാളുടെ കാല്‍ കണ്ടത്.

ട്രെയിനിന്റെ അടിയില്‍ പെടുന്നവരുടെ ശരീരഭാഗങ്ങള്‍ ഈ വിധത്തില്‍ തടഞ്ഞിരിക്കുന്നത് പതിവാണ്. ഷണ്ടിങ് ജീവനക്കാരെയും കൂട്ടി വീല്‍ സെറ്റിന് മുകളില്‍ കുടുങ്ങിയിരിക്കുന്ന 'കാല്‍' തട്ടി താഴെയിടാന്‍ ശ്രമിച്ചപ്പോള്‍ അത് ഉള്ളിലേക്ക് വലിഞ്ഞു. ഞെട്ടിവിറച്ച ജീവക്കാരില്‍ ചിലര്‍ ഭയന്ന് പിന്നോട്ട് മാറി. മറ്റുള്ളവര്‍ നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയെ കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് ഇയാളെ പുറത്തെടുത്തത്. ഇയാള്‍ അവശനിലയിലായിരുന്നു. സുഹൃത്തുക്കളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പരുക്കേറ്റത്.

ശരീരമാസകലം ഗ്രീസും അഴുക്കും പുരണ്ട് വികൃതരൂപമായിരുന്നു. കഴുത്തിനേറ്റ പരിക്ക് ആഴമുള്ളതാണ്. പക്ഷേ, ഇതൊന്നും സാഹസിക യാത്ര നല്‍കിയതല്ല. ടിക്കറ്റ് പരിശോധകനെ ഭയന്നല്ല താന്‍ ട്രെയിനിന്റെ അടിയില്‍ ഒളിച്ചതെന്നും ഇയാള്‍ പറയുന്നു. സുഹൃത്തുക്കള്‍ വീണ്ടും ആക്രമിക്കുമെന്ന് ഭയന്നാണ്. ഇയാളുടെ സാഹസിക യാത്ര റെയില്‍വേ ജീവനക്കാരെയും അമ്പരിപ്പിച്ചു. ഇത്തരത്തിലൊരു യാത്ര ആരും നടത്തിയതായി അവര്‍ക്കറിവില്ല. സംഭവത്തെക്കുറിച്ച് ആര്‍.പി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Train.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.