മഞ്ചേരി: ഗവ. മെഡിക്കല്‍ കോളേജിന് അംഗീകാരം പുതുക്കേണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച് മാസം നടത്തിയ രണ്ടാംവര്‍ഷ പരിശോധനയില്‍ കോേളജില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് കാരണം. മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റിലാണ് അംഗീകാരം പുതുക്കേണ്ടെന്ന നിര്‍ദേശമുള്ളത്.
കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ഇത് ബാധിക്കില്ല. എന്നാല്‍ അടുത്ത വര്‍ഷം പ്രവേശനം നടത്തുന്നതിന് തടസ്സമുണ്ടാകും. കഴിഞ്ഞമാസം പരിശോധന നടത്തിയപ്പോള്‍ നിരവധി പോരായ്മകള്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അധ്യാപകനിയമനങ്ങള്‍ നടക്കാത്തതും ജനറല്‍ ആസ്പത്രിയെ കോളേജ് ഏറ്റെടുക്കാത്തതുമാണ് പ്രധാന തടസ്സമായത്. പോരായ്മകള്‍ അന്നുതന്നെ അധികൃതരെ അറിയിച്ചിരുന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പുനഃപരിശോധന നടത്തണമെന്നും സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. അതിനിടയിലാണ് വെബ്‌സൈറ്റില്‍ കോളേജിന്റെ അംഗീകാരത്തിനെ സംശയത്തിലാക്കുന്ന നിര്‍ദേശം പുറത്തുവന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ തവണ നടത്തിയ പരിശോധനയില്‍ കോളേജ് അധികൃതര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ജോലിക്ക് ഒരു വര്‍ഷമായി ഹാജരായ അധ്യാപകരെപ്പോലും കണക്കിലെടുക്കാന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്നാണ് പ്രധാന പരാതി.
അംഗീകാരത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. ഒന്നാംവര്‍ഷവും അംഗീകാരം തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉറപ്പിലാണ് അംഗീകാരം ലഭിച്ചത്. അധ്യയനം മുടക്കമില്ലാതെ നടത്താന്‍ സാധിച്ചെങ്കിലും അടസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഇതുവരെയും നടപടികളുണ്ടായിട്ടില്ല.
ജനറല്‍ ആസ്പത്രി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായിട്ടില്ല. പുതുതായി 32 അധ്യാപകരെ നിയമിച്ചെങ്കിലും അവര്‍ ഇതുവരെ ചുമതലയേറ്റിട്ടില്ല. കോളേജില്‍ രണ്ടാം വര്‍ഷത്തേക്ക് തസ്തിക സൃഷ്ടിച്ച് ഒരുവര്‍ഷം മുമ്പ് നല്‍കിയതാണെങ്കിലും നിയമനം തുടങ്ങിയത് കൗണ്‍സില്‍ പരിശോധന കഴിഞ്ഞശേഷം മാത്രമാണ്. ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും മെല്ലപ്പോക്ക് തുടരുകയാണ്.
ഉദ്ഘാടനം ആഘോഷമാക്കിയതൊഴിച്ചാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment