Latest News

സര്‍ക്കാരിന്റെ മകള്‍ക്ക് ഉദ്യോഗസ്ഥരുടെ ഉത്സാഹത്തില്‍ കല്യാണം

കാസര്‍കോട്: മൂന്നുവയസ്സുള്ളപ്പോള്‍ കോഴിക്കോട് ബാലമന്ദിരത്തിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ടതാണവള്‍. ആ പെണ്‍കുഞ്ഞിന് അന്നത്തെ സൂപ്രണ്ട് നല്‍കിയ പേര് ഖദീജ. 39-ാം വയസ്സില്‍ വിവാഹിതയായി മടിക്കേരി സ്വദേശി ധര്‍മപാലിന്റെ കൈപിടിച്ച് കാസര്‍കോട് പരവനടുക്കം മഹിളാമന്ദിരത്തിന്റെ പടികളിറങ്ങുമ്പോള്‍ ഖദീജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷമാണോ സങ്കടമാണോ അധികമെന്ന് തനിക്കറിയില്ലെന്ന് ഇനിയും അമ്പരപ്പ് വിടാത്ത മുഖവുമായിനിന്ന ഖദീജ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.30-നായിരുന്നു കല്യാണത്തിന്റെ ശുഭമൂഹൂര്‍ത്തം. മഹിളാമന്ദിരത്തിലെ കുട്ടികളുള്‍പ്പെടെയുള്ള 25 സഹവാസികളെയും ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി ധര്‍മപാലന്‍ ഖദീജയുടെ കഴുത്തില്‍ താലികെട്ടി. ധര്‍മപാലന്റെ പെങ്ങള്‍ മഞ്ജുവും അമ്മാവന്‍ ബാളപ്പയും ഒപ്പമുണ്ടായിരുന്നു. 

സര്‍ക്കാര്‍വകയായി ഖദീജയ്ക്ക് കിട്ടിയത് 50,000 രൂപ. ഇതിന് ഉദ്യോഗസ്ഥര്‍ സ്വര്‍ണം വാങ്ങി നല്‍കി. ഉദ്യോഗസ്ഥര്‍ പിരിവിട്ട് സദ്യയുള്‍പ്പെടെയുള്ള കല്യാണച്ചെലവുകള്‍ വഹിച്ചു. ബലൂണും റിബണുമൊക്കെ കെട്ടി മഹിളാമന്ദിരം ഉത്സവപ്രതീതിയിലായിരുന്നു.
മടിക്കേരി സോമര്‍പേട്ടയില്‍ കര്‍ഷകനും ബിസിനസ്സുകാരനുമൊക്കെയാണ് നാല്പത്തിരണ്ടുകാരനായ ധര്‍മപാലന്‍. അനാഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ മരുമകന്‍ ഉറച്ചുനിന്നപ്പോള്‍ അമ്മാവനും കാസര്‍കോട് ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥനുമായ ബാളപ്പയാണ് അന്വേഷണവുമായി ഇറങ്ങിയത്. ധര്‍മപാലനുമൊത്ത് പരവനടുക്കം മഹിളാ മന്ദിരത്തിലെത്തി ഖദീജയെക്കണ്ട് ഇഷ്ടപ്പെട്ടു.

പിന്നെ 'സര്‍ക്കാര്‍കാര്യം മുറപോലെ' നടന്നില്ല. എല്ലാം വേഗത്തിലായിരുന്നു. സാമൂഹികക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മടിക്കേരിയില്‍ചെന്ന് ധര്‍മപാലനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. വിവാഹം നടത്താമെന്ന സര്‍ക്കാര്‍ ഉറപ്പും കിട്ടി. കാസര്‍കോട് സാമൂഹികനീതി ഓഫീസര്‍ എ.നാരായണന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ, ലീഗല്‍ കൗണ്‍സിലര്‍ രേണുക തങ്കച്ചി എന്നിവര്‍ മുന്നിട്ടിറങ്ങി. ചെമ്മനാട് പഞ്ചായത്തംഗം ചന്ദ്രശേഖരന്‍ കുളങ്ങര, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഹക്കീം കുണിയ എന്നിവരും വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Marriiage.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.