Latest News

പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ ഒന്നാംസ്ഥാനം കൊല്ലം ജില്ലയ്ക്ക്

കൊട്ടാരക്കര: സംസ്ഥാനത്ത് സ്ത്രീകളും പെണ്‍കുട്ടികളും അപ്രത്യക്ഷമാകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കൊല്ലം ജില്ല. ഓരോദിവസവും ഓരോ സ്ത്രീയെ കാണാതാകുന്നതായാണ് ശരാശരി കണക്ക്. സ്ത്രീ പീഡനങ്ങളും ജില്ലയില്‍ ശരാശരിക്ക് മുകളിലാണ്. ഇതിന്റെയെല്ലാം കാരണങ്ങള്‍ കണ്ടെത്താന്‍ കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ പഠനപദ്ധതിക്ക് തുടക്കം കുറിച്ചതായി റൂറല്‍ എസ്പി എസ്.സുരേന്ദ്രന്‍ അറിയിച്ചു.15നും 20നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായതായി കഴിഞ്ഞവര്‍ഷം റൂറല്‍ ജില്ലയില്‍ രണ്ടായിരം പരാതികളാണ് ലഭിച്ചത്. ഇതില്‍ കുറെപ്പേര്‍ തിരികെ എത്തി. മറ്റ് കുറേപ്പേരെ പോലീസ് നടത്തിയ തെരച്ചിലിലും കണ്ടെത്തുകയുണ്ടായി.

പലരെയും തിരികെ ലഭിക്കുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ നിന്ന് കാണാതായത് 1185 പേരെയാണ്.ഇതില്‍ 796 പേര്‍ സ്ത്രീകളും 389 പേര്‍ പുരുഷന്മാരുമാണ്. 116പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 18 വയിസില്‍ താഴെയുള്ള 110 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും.സ്ത്രീകളെ കാണാതാകുന്നതിന്റെ കാരണങ്ങളെ കുറിച്ച് സര്‍വേയും പഠനവും നടത്താന്‍ വനിതാ സെല്‍ സിഐ അനിതാകുമാരിയുടെ നേതൃത്വത്തില്‍ പത്തംഗ സബ്കമ്മിറ്റിയും രൂപീകരിച്ചു.അഡ്വ.ശോഭനാ കുമാരിയാണ് കണ്‍വീനര്‍. ഒന്നര മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കാണാതായി തിരിച്ചുവന്ന പെണ്‍കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

സംഭവത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റുകളാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ വലയിലാക്കാനും കേസെടുക്കാനും നടപടികളുണ്ടാകും. കെണിയില്‍പ്പെട്ട പെണ്‍കുട്ടികളുടെ സാമൂഹിക സാമ്പത്തിക ഘടകങ്ങളും കുടുംബ പശ്ചാത്തലം അടക്കമുള്ളവയും പഠനവിധേയമാക്കും. ഇതിനുള്ള ചോദ്യാവലി തയാറാക്കിയിട്ടുണ്ട്.സ്കൂള്‍ തലങ്ങളില്‍ ബോധവത്ക്കരണവും കൗണ്‍സെലിംഗും സംഘടിപ്പിക്കും. കൗണ്‍സെലര്‍മാരില്ലാത്ത സ്കൂളുകളില്‍ ഇവരെ നിയമിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.കെണിയില്‍പ്പെട്ട പെണ്‍കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ബോധവത്ക്കരണവും നടത്തും. സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന യൂണിറ്റുകള്‍ രൂപീകരിക്കും.

സന്നദ്ധ സാമൂഹിക സംഘടനകളുടെ സേവനങ്ങളും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തും. ഇതോടൊപ്പം കാണാമറയത്ത് കഴിയുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കും.പെണ്‍കുട്ടികളും രക്ഷിതാക്കളും വനിതാസംഘടനകളും സാമൂഹിക സംഘടനകളും ജാഗ്രകത പുലര്‍ത്തിയാല്‍ ഇത്തരം സാമൂഹ്യ വിപത്തിന് തടയിടാനാകുമെന്ന് എസ്പി പറഞ്ഞു. പോലീസിന്റെ സേവനം ഇക്കാര്യത്തില്‍ എപ്പോഴും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Missing Case, Kollam.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.