Latest News

ആദൂര്‍ അബ്ദുല്ല വധക്കേസ്: ഫോറസ്‌ററ് വാച്ച്മാനെ വെറുതെവിട്ടു

കാസര്‍കോട്: ചന്ദന കള്ളക്കടത്തുകാരന്‍ ആദൂരിലെ അബ്ദുല്ലയെ വനത്തില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നീലേശ്വരം സ്വദേശി സുധാകരനെ കോടതി വെറുതെ വിട്ടു.

2001 ജൂലായ് 27 നാണ് ആദൂര്‍ പുടുങ്കര സ്വദേശി അബ്ദുല്ല ആദൂര്‍ കാട്ടിക്കജ വനത്തില്‍ കൊലചെയ്യപ്പെട്ടത്. ആദൂരിലെ താല്‍ക്കാലിക വനം വാച്ച്‌മേന്‍ കാര്യങ്കോട് ചാത്തമത്ത് പാരഡൈസ് ഹൗസില്‍ കെ.സുധാകരന്‍ അബ്ദുല്ലയെ വനത്തില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

അബ്ദുല്ലയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളുമായി സുധാകരന്‍ അടുപ്പത്തിലായിരുന്നു. ഈ വിവരമറിഞ്ഞ അബ്ദുല്ല പെണ്‍കുട്ടിയും സുധാകരനും തമ്മിലുള്ള ബന്ധത്തെ എതിര്‍ക്കുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പ്രണയത്തിനുളള തടസ്സം ഒഴിവാക്കാനാണ് അബ്ദുല്ലയെ സുധാകരന്‍ വനത്തില്‍ കൂട്ടിക്കൊണ്ടുപോയി ചതിവില്‍ കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതോടെ സുധാകരന്‍ പോലീസിന്റെ പിടിയിലായി. ഇതിനിടയില്‍ സുധാകരന്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയി. നാളുകള്‍ക്ക് ശേഷമാണ് സുധാകരന്‍ കോടതിയില്‍ കീഴടങ്ങിയത്.

കാട്ടില്‍ ചന്ദന മരങ്ങളുണ്ടെന്നും അവ കാണിച്ചുകൊടുക്കാമെന്നും പറഞ്ഞാണ് അബ്ദുല്ലയെ സുധാകരന്‍ ഉള്‍വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതത്രെ. രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 10 കൊല്ലം വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി.

കേസ് നീണ്ടു പോയ സാഹചര്യത്തില്‍ അബ്ദുല്ലയുടെ ഭാര്യ സുഹറ ഹൈക്കോടതിയെ സമീപിച്ച് കേസ് ഉടന്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് സമ്പാദിച്ചു. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സി ബി സി ഐ ഡി യുമാണ് കേസ് അന്വേഷിച്ചത്.

പത്ത് ഉദ്യോഗസ്ഥര്‍ മാറിമാറി അന്വേഷിച്ച് കോടതിയില്‍ കുററപത്രം സമര്‍പ്പിച്ച അബ്ദുള്ള വധക്കേസിന്റെ വിചാരണാ നടപടികള്‍ മൂന്ന് കൊല്ലം നീണ്ടുനിന്നു. ശനിയാഴ്ച വൈകിട്ടാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാകോടതി (ഒന്ന്) പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.

കേസില്‍ 50 സാക്ഷികളുണ്ടായിരുന്നു. അബ്ദുല്ലയുടെ സഹോദരന്‍ മുസ്തഫ, സഹോദരി ബീഫാത്തിമ, ഭാര്യ സുഹറ, അളിയന്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരൊക്കെ പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയെങ്കിലും സുധാകരനെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.
പരേതനായ വെള്ളിക്കോത്തെ അഡ്വ.എ.തമ്പാന്‍ നായര്‍ തുടങ്ങിവെച്ച കേസിന്റെ വിചാരണ മകന്‍ അച്ചു എന്ന ഉണ്ണികൃഷ്ണനാണ് പൂര്‍ത്തിയാക്കിയത്.

Keywords: Kasaragod, Murder Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Adoor Abdulla

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.