Latest News

ഇംഗണ്ടിനെ കീഴടക്കി ഇറ്റലിക്ക് ജയം

മനൗസ്: അരീന അമസോണിലെ കൊടുംചൂടില്‍ അവസരങ്ങള്‍ തുലച്ച് വിയര്‍ത്ത ഇംഗ്ലണ്ടിനെതിരെ ഇറ്റലിക്ക് ജയം.

ലോകകപ്പിന്റെ ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അസൂറികളുടെ വിജയം. 35-ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നുള്ള യുവന്റസിന്റെ മിഡ്ഫീല്‍ഡര്‍ ക്ലോഡിയോ മര്‍കിസോയുടെ എണ്ണം പറഞ്ഞ ഗോളില്‍ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ വെയ്ന്‍ റൂണിയുടെ മനോഹരമായ ഒരു ക്രോസില്‍ നിന്ന് ലക്ഷ്യം കണ്ട് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റില്‍ സൂപ്പര്‍ മാരിയോ എന്ന മരിയോ ബലൊട്ടെല്ലി 50-ാം മിനിറ്റില്‍ ഒരു കിടിലിന്‍ ഹെഡ്ഡറിലൂടെ ഇറ്റലിക്ക് വിജയഗോള്‍ സമ്മാനിച്ചു. എ.സി. മിലാന്റെ സ്‌ട്രൈക്കറായ ബലൊട്ടെല്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതിരോധത്തിലും ആക്രമണത്തിലും ഇറ്റലിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയെങ്കിലും മികച്ച അവസരങ്ങള്‍ തുറന്നെടുക്കുന്നതിലും ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഗോളാക്കുന്നതിലും വരുത്തിയ വീഴ്ചയാണ് ഇംഗ്ലീഷ്‌നിരയ്ക്ക് വിനയായത്. സൂപ്പര്‍താരം വെയ്ന്‍ റൂണി അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചപ്പോള്‍ മധ്യനിരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്റ്റീവന്‍ ജെറാഡിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഒരു തുറന്ന അവസരവും റൂണിയുടെ കാലില്‍ നിന്ന് പാഴായിപ്പോയി.

മറുഭാഗത്ത് ഇറ്റലി ക്യാപ്റ്റന്‍ ആന്ദ്രെ പിര്‍ളോയുടെ നേതൃത്വത്തില്‍ മിഡ്ഫീല്‍ഡില്‍ വ്യക്തമായ മേല്‍ക്കൈയാണ് നേടിയത്. കളിയുടെ തുടക്കം മുതല്‍ തന്നെ ഇവിടെ നിന്ന് ഉയിര്‍കൊണ്ട മുന്നേറ്റങ്ങള്‍ ഇരു പാര്‍ശ്വങ്ങളിലൂടെയും ഇംഗ്ലീഷ് ഗോള്‍മുഖത്തേയ്ക്ക് എത്തിക്കാന്‍ പിര്‍ളോയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ബലൊട്ടെല്ലി തുടക്കത്തില്‍ അല്‍പം നിറംമങ്ങിയതാണ് ഇംഗ്ലണ്ടിന് തുണയായത്. ഇഞ്ച്വറി ടൈമില്‍ പിര്‍ളോയുടെ ഒരു മാസ്മരിക ഫ്രീകിക്ക് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ബാറിലിടിച്ചു മടങ്ങിയത്.

ഇറ്റലിയുടെ ആസൂത്രണ മികവിന്റെയും പരസ്പരധാരണയുടെയും ഫലപ്രാപ്തിയാണ് മര്‍കിസിയോയുടെ ആദ്യ ഗോള്‍. കോര്‍ണര്‍ കിക്ക് ലഭിച്ച പിര്‍ളോ പന്ത് തൊടാതെ മര്‍മിസിയോയ്ക്ക് ഗ്യാപ് ഉണ്ടാക്കിക്കൊടുത്തു. പ്രതിരോധത്തിലെ വിള്ളലൂടെ മര്‍ക്കിസിയോ തൊടുത്ത ബുള്ളറ്റ് ജോ ഹാര്‍ട്ടിനെയും മറികടന്നാണ് നെറ്റിലെത്തിയത്.

ഗോള്‍ കുടുങ്ങിയശേഷം സടകുടഞ്ഞുണര്‍ന്ന ഇംഗ്ലണ്ട് വെയ്ന്‍ റൂണി-സ്‌റ്റെര്‍ലിങ്, സ്റ്ററിഡ്ജ് സഖ്യത്തിന്റെ പ്രത്യാക്രമണത്തിലൂടെ ഉടനെ തന്നെ മറുപടി നല്‍കിയാണ് ആത്മവിശ്വാസം തിരിച്ചുപിടിച്ചത്. പ്രതിഭാധനയായ മിഡ്ഫീല്‍ഡര്‍ റഹീം സ്‌റ്റെര്‍ലിങ് കൊടുത്ത പന്തുമായി ഇടവു വിംഗിലൂടെ ഓടിയിറങ്ങി റൂണി ബോക്‌സിലേയ്ക്ക് കൊടുത്ത ഹാഫ് വോളി അതേവഴി സ്റ്ററിഡ്ജ് ഗോളിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കരുത്തുറ്റ ഇറ്റാലിയന്‍ പ്രതിരോധത്തില്‍ ഇവര്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞ ഒരേയൊരു അവസരമായിരുന്നു ഇത്.

ഇംഗ്ലീഷ്‌നിരയുടെ സമാശ്വാസത്തിന് രണ്ടാം പകുതിയുടെ തുടക്കം വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. 50-ാം മിനിറ്റില്‍ ലെയ്റ്റന്‍ ബെയ്ന്‍സില്‍ നിന്ന് പിടിച്ചെടുത്ത് അന്റോണിയോ കാന്‍ഡ്രേവ നല്‍കിയ നീളന്‍ ക്രോസ് പോസ്റ്റന് മുന്നില്‍ വലിയ മാര്‍ക്കിങ്ങിന്റെ ശല്ല്യമില്ലാതിരുന്ന ബലൊട്ടെല്ലി കരുത്തുറ്റ ഒരു ഹെഡ്ഡറിലൂടെയാണ് വലയിലാക്കിയത്. ബലൊട്ടെല്ലിയുടെ മിടുക്കുപോലെ തന്നെ ശ്രദ്ധേയമായിരുന്നു ഇംഗ്ലീഷ് സ്‌റ്റോപ്പര്‍ ബാക്കുകാരുടെ പിഴവും ഈ ഗോളില്‍.

രണ്ടാം പകുതിയില്‍ വെല്‍ബാക്കും വെയ്ന്‍ റൂണിയും പരസ്പരം വിംഗുകള്‍ മാറിയെങ്കിലും അത് വേണ്ടത്ര ഇംഗ്ലീഷ് മുന്നേറ്റത്തില്‍ പ്രതിഫലിച്ചില്ല. ബാറിന് മുകളിലൂടെയും വശങ്ങളിലൂടെയും പറന്ന വെയ്ന്‍ റൂണിയുടെ ചില ദുര്‍ബല ഷോട്ടുകള്‍ മാത്രമായിരുന്നു ഇതിന്റെ പ്രയോജനം. റൂണിയെയോ സ്റ്ററിഡ്ജിനെയും സ്‌റ്റെര്‍ലിങ്ങിനെയോ പോസ്റ്റിനടുത്തെത്തിക്കാതെ നോക്കുന്നതില്‍ ഇറ്റാലിയന്‍ പ്രതിരോധനിര നൂറു ശതമാനം തന്നെ വിജയിച്ചു. ഇവര്‍ക്ക് യഥേഷ്ടം പന്തെത്തിക്കുന്നതില്‍ സ്റ്റീവന്‍ ജെറാഡിനും മറ്റ് മധ്യനിരക്കാര്‍ക്കും കാര്യമായി കഴിഞ്ഞതുമില്ല. ഇറ്റലിയുടെ ലെഫ്റ്റ് ബാക്ക് ജ്യോര്‍ജിയോ ചിയെല്‍നിയെ കാര്യമായി ഒന്ന് പരീക്ഷിക്കാന്‍ പോലും ഇംഗ്ലീഷ് സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.